X
    Categories: MoreViews

ഇന്ത്യയെ ലക്ഷ്യം വെച്ച് ചൈന പാകിസ്താനില്‍ ആണവായുധങ്ങള്‍ ഒളിപ്പിക്കുന്നു: മുലായം

ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്താനുമായി ചേര്‍ന്ന് ചൈന യുദ്ധത്തിന് ഒരുങ്ങുന്നതായി സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. ഇന്ത്യക്കെതിരെ പ്രയോഗിക്കാനായി പാകിസ്താനില്‍ ചൈന ആണവായുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും മുലായം പറഞ്ഞു. കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പുമായി ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു മുലായം.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇക്കാര്യം വ്യക്തമായി അറിയാം. എന്നാല്‍ അയല്‍രാജ്യം ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിക്കണമെന്ന് മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി കൂടിയായ മുലായം ആവശ്യപ്പെട്ടു.

ചൈനയില്‍ നിന്നും ഇന്ത്യക്ക് ഇന്ന് വന്‍ വെല്ലുവിളിയാണ് നേരിടുന്നത്. ഇന്ത്യയുടെ മുഖ്യശത്രു ചൈനയാണ്. പാക്കിസ്ഥാന് ഒറ്റയ്ക്ക് ഇന്ത്യയെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ പാക്കിസ്ഥാനുമായി സഹകരിച്ച് ഇന്ത്യ ആക്രമിക്കാന്‍ അവര്‍ ഒരുങ്ങിക്കഴിഞ്ഞു. കശ്മീരില്‍ ചൈനീസ് സൈന്യം പാക്ക് സൈനികരുമായി സഹകരിക്കുകയാണ്. വര്‍ഷങ്ങളായി ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും 77 കാരനായ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് വ്യക്തമാക്കി.

പാകിസ്താന് ഇന്ത്യയില്‍ നാശം വരുത്താന്‍കഴിയും. എന്നാല്‍, ചൈനയാണ് ഇന്ത്യയുടെ മുഖ്യശത്രു. കശ്മീരില്‍ ചൈനീസ് സൈന്യത്തോട് ഒരുമിച്ചാണ് പാക് സൈന്യം ഇടപെടുന്നതെന്നും മുലായം മുന്നറിയിപ്പ് നല്‍കി.

നേപ്പാളിലെ ചൈന ലക്ഷ്യമിട്ടുകഴിഞ്ഞു. ഭൂട്ടാനെ ഈ സാഹചര്യത്തില്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യയ്ക്കാണ്. ടിബറ്റ് ചൈനയുടെ ഭാഗമാണെന്ന നിലപാട് തെറ്റാണെന്നും ടിബറ്റിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന് ഇന്ത്യ പിന്തുണ നല്‍കണമെന്നും മുലായം അഭിപ്രായപ്പെട്ടു.
അതിര്‍ത്തിയില്‍ ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് മുലായത്തിന്റെ പ്രസ്താവന.
അതേസമയം ഇന്ത്യന്‍ വിപണിയില്‍ വന്‍തോതില്‍ ചൈനീസ് ഉത്പന്നങ്ങള്‍ എത്തുന്ന സാഹചര്യത്തെയും മുലായം ചോദ്യം ചെയ്തു.

chandrika: