വാഷിങ്ടണ്‍: വന്‍കരകളെ ആശങ്കയിലാക്കിയ ചൈനീസ് റോക്കറ്റ് ശനിയാഴ്ചയോടെ ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്. ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്ക് ഈ റോക്കറ്റ് വീണേക്കാം എന്ന ആശങ്കയാണ് മുന്‍പിലെത്തുന്നത്. 21 ടണ്‍ ഭാരമുള്ള റോക്കറ്റാണ് ഇത്.
ചൈനയുടെ ലാര്‍ജ് മോഡ്യുലാര്‍ സ്‌പേസ് സ്റ്റേഷന്റെ പ്രധാന ഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഭ്രമണപഥത്തില്‍ എത്തിച്ചതിന് ശേഷം തിരിച്ചിറക്കത്തിലാണ് റോക്കറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടത്. ഏപ്രില്‍ 29നായിരുന്നു ഇത്. എന്നാല്‍ അന്തരീക്ഷത്തിലെ യാത്രയില്‍ റോക്കറ്റ് കത്തി നശിക്കും എന്നാണ് ചൈനയുടെ നിലപാട്.
എന്നാല്‍ റോക്കറ്റ് ഭൂമിയില്‍ എവിടേക്കാവും പതിക്കുക എന്ന് കൃത്യമായി നിര്‍ണയിക്കാന്‍ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ല. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാല്‍ കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.
സെക്കന്റില്‍ നാല് മൈലില്‍ കൂടുതല്‍ വേഗത്തിലാണ് ഇപ്പോള്‍ ഇതിന്റെ സഞ്ചാരം. 100 അടി നീളവും 16 അടി വീതിയുമുള്ള റോക്കറ്റ് സാറ്റ്‌ലൈറ്റ് ട്രാക്കറുകളിലൂടെ നിരീക്ഷിക്കുന്നുണ്ട്. രണ്ട് മണിക്കൂറിനുള്ളില്‍ ഭൂമിയെ ചുറ്റാന്‍ സാധിക്കും വിധം വേഗത്തിലാണ് ഇതിന്റെ സഞ്ചാരം നിശ്ചയിച്ചിരുന്നത്.