ബെയ്ജീങ്: ഉത്തര ചൈനയില്‍ യുവാവ് കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. 12 കുട്ടികള്‍ക്ക് പരിക്കേറ്റു. മരിച്ച വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേര്‍ പെണ്‍കുട്ടികളാണ്. വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 6.30നായിരുന്നു സംഭവമെന്ന് മസികൗണ്ടി പൊലീസ് പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ ക്രൂരതകളിലൊന്നാണിത്.
സ്‌കൂള്‍ വിട്ട ശേഷം നടന്നു വരികയായിരുന്ന കുട്ടികളുടെ നേരെ സാവോ (28) എന്ന യുവാവ് ആക്രമണം അഴിച്ചു വിടുകയായിരുന്നു. കൂട്ടമായി പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ചാടിവീണ അക്രമി കത്തിയെടുത്ത് വീശുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നമ്പര്‍ ത്രീ മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിനിരയായത്. 12നും 15നും ഇടയിലുള്ള വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
കഴിഞ്ഞയിടെയായി ചൈനയില്‍ കുട്ടികള്‍ക്ക് നേരെ ആക്രമണം പതിവായിരിക്കുകയാണ്. 2017 ജനുവരിയില്‍ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കത്തിയുമായി യുവാവ് ആക്രമണം അഴിച്ചു വിട്ടിരുന്നു. ഈ ആക്രമണത്തില്‍ 11 കുട്ടികള്‍ക്കാണ് പരിക്കേറ്റത്. 2016ല്‍ ഹൈക്കുവിയില്‍ നടന്ന കത്തിയാക്രമണത്തില്‍ 10 കുട്ടികള്‍ക്ക് പരിക്കേറ്റു.