X

ഇന്ത്യയ്ക്ക് ചൈനയുടെ താക്കീത് : ദലൈലാമ അരുണാചല്‍ സന്ദര്‍ശിച്ചാല്‍ ബന്ധം വഷളാകും

ബീജിങ്: അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ അനുവദിച്ചാല്‍ അത് ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന താക്കീതുമായി ചൈന.
അരുണാചല്‍ സര്‍ക്കാറിന്റെ ക്ഷണം സ്വീകരിച്ച് ദലൈലാമ തവാങ്ങിലെ ബുദ്ധവിഹാരം സന്ദര്‍ശിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയുമായി തര്‍ക്കം നില്‍ക്കുന്ന സ്ഥലത്താണ് ബുദ്ധവിഹാരമെന്ന് ചൈന പറയുന്നു. 2009ലും ദലൈലാമ ഇവിടെ സന്ദര്‍ശിച്ചിരുന്നു.ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലത്ത് ദലൈലാമയുടെ സന്ദര്‍ശനം അതിര്‍ത്തിയിലെ സമാധാന അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കാനേ ഉപകരിക്കൂ. അതിനൊപ്പം ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തേയും അത് ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു. ഇന്ത്യയുടെ എന്‍.എസ.്ജി പ്രവേശനത്തെ എതിര്‍ത്തും പാക് അനുകൂല നിലപാടുകള്‍ എടുത്തും രംഗത്ത് എത്തിയതിന് പിന്നാലെയാണ് ചൈനയുടെ ഭീഷണി.
അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ ക്ഷണപ്രകാരമാണ് ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത്. വിദേശമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ഇന്നലെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 1959ല്‍ തിബറ്റന്‍ ആഭ്യന്തരയുദ്ധം രൂക്ഷമായത് മുതല്‍ ദലൈലാമ ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ഇന്ത്യയിലെ യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മ അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചതില്‍ ചൈന എതിര്‍പ്പ് അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള സന്ദര്‍ശനം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നായിരുന്നു ചൈനയുടെ വാദം. എന്നാല്‍ ചൈനയുടെ അഭിപ്രായത്തെ തള്ളിയ ഇന്ത്യ, യുഎസ് നയതന്ത്രപ്രതിനിധിയുടെ സന്ദര്‍ശനം ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന് തിരിച്ചടിച്ചിരുന്നു.

chandrika: