ബെയ്ജിംഗ്: ആണവായുധ ശേഷി വര്‍ധിപ്പിക്കാന്‍ ചൈനീസ് സൈന്യം ഒരുങ്ങുന്നു. ലോക രാജ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളി നല്‍കാന്‍ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തണമെന്നാണ് ചൈനീസ് സൈന്യത്തിന്റെ തീരുമാനം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) ഔദ്യോഗിക പത്രത്തിലാണു നിര്‍ദേശം.
ആഗോളതലത്തില്‍ നാശം വിതയ്ക്കാന്‍ കഴിയുന്ന ഒന്നിലധികം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ചൈനയുടെ കൈവശമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വീണ്ടും സൈനിക ശേഷി വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്. അമേരിക്ക പുതിയ ആണവ തന്ത്രങ്ങള്‍ക്കു തയാറെടുക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പിഎല്‍എയുടെ പുതിയ നിര്‍ദേശം. പിഎല്‍എ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പിഎല്‍എ അക്കാഡമി ഓഫ് മിലിട്ടറി സയന്‍സിലെ രണ്ടു ഗവേഷകരാണു ലേഖനം എഴുതിയത്. യുഎസ്, റഷ്യ ഉള്‍പ്പെടെയുള്ള ശക്തികളുടെ ഭീഷണികളെ മറികടക്കാന്‍ ആണവായുധ ശേഷി വര്‍ധിപ്പിക്കേണ്ടതുണ്ട്. നിലവിലെ അവസ്ഥയില്‍ കാര്യമായ മാറ്റം വരണം. ആദ്യം ഉപയോഗിക്കില്ല എന്ന തത്വം പാലിക്കണമെന്നും ആണവായുധങ്ങളുടെ നിര്‍മാര്‍ജനമാണ് ആത്യന്തിക ലക്ഷ്യമെന്നും ലേഖനത്തില്‍ പറയുന്നു.
ലേഖനത്തില്‍ മറ്റു രാജ്യങ്ങളെയും വിമര്‍ശിക്കുന്നുണ്ട്. യുഎസും , റഷ്യയും ആണവായുധങ്ങള്‍ ഒഴിവാക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല. പകരം അവയുടെ വിപുലീകരണവും , കൂടുതല്‍ മെച്ചപ്പെടുത്തുന്നതുമാണ് ഇരു രാജ്യങ്ങളും നടപ്പിലാക്കുന്നത്. അടുത്ത 30 വര്‍ഷം ആണവായുധ മേഖലയില്‍ 1.2 ട്രില്യണ്‍ ഡോളര്‍ ചെലവിടാനാണു അമേരിക്കയുടെ തീരുമാനം. ഇതിന് തുല്യമായി റഷ്യയും പണം ചെലവാക്കും. അതിനാല്‍ ഇതെല്ലാം കണ്ട് ചൈന വെറുതെയിരിക്കരുതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചൈന ആണവശേഷി കൂട്ടുന്നതു അയല്‍രാജ്യമായ ഇന്ത്യക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്.