X

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചെത്താമെന്ന് ചൈന

ന്യൂഡല്‍ഹി: ചൈനയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നിബന്ധനകളോടെ തിരികെ എത്താന്‍ ചൈന അനുവാദം നല്‍കി. ഇന്ത്യ നല്‍കുന്ന പട്ടിക പ്രകാരമായിരിക്കും പ്രവേശനം. ഇതിനായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഗൂഗിള്‍ ഫോമില്‍ മേയ് എട്ടിനകം വിവരങ്ങള്‍ നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഈ പട്ടിക ചൈനയ്ക്കു കൈമാറിയ ശേഷം ചൈനീസ് അധികൃതര്‍ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കും. ഇത് സമയബന്ധിതമായി നടപ്പാക്കും. തിരികെ പോകാന്‍ അനുമതി കിട്ടുന്ന വിദ്യാര്‍ഥികള്‍ ചൈനയിലെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുകയും അതിന്റെ ചെലവുകള്‍ സ്വന്തം കയ്യില്‍നിന്ന് എടുക്കുകയും വേണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ ബീജിംഗില്‍ പറഞ്ഞു.

23,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചൈനയില്‍ പഠിക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗവും മെഡിസിന്‍ വിദ്യാര്‍ഥികളാണ്. 2019 ഡിംസബറില്‍ കോവിഡിനെ തുടര്‍ന്ന് നാട്ടിലെത്തിയ ഈ വിദ്യാര്‍ഥികള്‍ക്കൊന്നും ഇതുവരെ ചൈനയിലേക്ക് മടങ്ങിപോകാനായിട്ടില്ല. ചൈനയിലേക്ക് തിരികെ പോകാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.

Chandrika Web: