X
    Categories: Culture

കരുത്ത് തെളിയിച്ച് ചൈനയുടെ രണ്ടാം വിമാനവാഹിനിയും

ബീജിങ്: കൊറിയന്‍ മേഖലയില്‍ സംഘര്‍ഷം പുകഞ്ഞുകൊണ്ടിരിക്കെ സൈനിക കരുത്ത് തെളിയിച്ച് ചൈന രണ്ടാമത്തെ വിമാന വാഹിനി കപ്പലും നീറ്റിലിറക്കി. ചൈനയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാനിയാണിത്. ഇനിയും പേരിടാത്ത ഈ വിമാനിവാഹിനി ദലിയാന്‍ തുറമുഖത്താണ് നീറ്റിലിറക്കിയത്. 2020ഓടെ പ്രവര്‍ത്തന സജ്ജമാകും. യു.എസ്-ഉത്തരകൊറിയ വാക്‌പോരാട്ടത്തിന്റെയും ദക്ഷിണ ചൈന കടലിലെ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ കൂടിയാണ് ചൈന നാവിക കരുത്ത് തെളിയിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 2013ലാണ് ചൈന പുതിയ വിമാനവാഹിനിയുടെ നിര്‍മാണം ആരംഭിച്ചത്. പ്രതിരോധ രംഗത്ത് ചൈനയുടെ ഏറ്റവും വലിയ കുതിച്ചുചാട്ടമായാണ് അന്താരാഷ്ട്ര സമൂഹം ഇതിനെ കാണുന്നത്. ചൈനയുടെ ആദ്യ വിമാനവാഹിനിയായ ലിയോണിങ് ഉക്രൈനില്‍നിന്ന് വാങ്ങിയതാണ്. സോവിയറ്റ് കാലത്ത് രൂപകല്‍പന ചെയ്ത ലിയോങിണിങിന്റെ നിര്‍മാണം ചൈന പൂര്‍ത്തിയാക്കുകയായിരുന്നു. അമേരിക്കന്‍ നാവിക സേനക്ക് 10 വിമാന വാഹിനികളുണ്ടെന്നിരിക്കെ ചൈനക്ക് ഒന്നുകൊണ്ട് മാത്രം തൃപ്തിപ്പെടേണ്ട അവസ്ഥയായിരുന്നു. ഈ പോരായ്മയെ മറികടക്കുകയെന്ന ലക്ഷ്യവും രണ്ടാമത്തെ വിമാഹവാഹിനിയിലൂടെ ചൈനീസ് ഭരണകൂടം ലക്ഷ്യമിടുന്നത്. പുതിയ കൂറ്റന്‍ വിമാനവാഹിനിയുടെ നിര്‍മാണം ചൈന അതീവ രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. പ്രതിരോധത്തിനുവേണ്ടി കോടികള്‍ ചെലവിടുന്ന ചൈനയുടെ പണിപ്പുരയില്‍ വേറെയും വിമാനവാഹിനികള്‍ ഉണ്ടെന്നാണ് അന്താരാഷ്ട്ര സമൂഹം കണക്കുകൂട്ടുന്നത്. പരമ്പരാഗത ആയുധങ്ങളോടൊപ്പം ആണവായുധ വിക്ഷേപണത്തിനും പുതിയ അന്തര്‍വാഹിയില്‍ സൗകര്യമുണ്ട്. ഉത്തരകൊറിയക്കെതിരെ കടുത്ത നടപടികള്‍ക്ക് മുതിരരുതെന്ന് ചൈന അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.

chandrika: