X

പൊതുജനങ്ങള്‍ക്ക് മുന്നില്‍ ആദ്യമായി വാക്‌സിന്‍ പ്രദര്‍ശിപ്പിച്ച് ചൈന

ചൈന: സ്വന്തമായി വികസിപ്പിച്ച കോവിഡ് വാക്‌സിനുകള്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ചൈന. ബെയ്ജിങ് ട്രേഡ് ഫെയറിലാണ് വാക്‌സിനുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് കമ്പനികളായ സിനോവാക് ബയോടെക്, സിനോഫാം എന്നിവയാണ് വാക്‌സിനുകള്‍ വികസിപ്പിച്ചത്. എന്നാല്‍ ഇവ വിപണിയില്‍ എത്തിയിട്ടില്ല. സുപ്രധാനമായ മൂന്നാം ഘട്ട പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ഇവയ്ക്ക് ഈ വര്‍ഷം അവസാനംതന്നെ അനുമതി ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

വാക്‌സിന്‍ ഉത്പാദനശാലയുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് സിനോവാക് പ്രതിനിധി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രതിവര്‍ഷം 30 കോടി ഡോസുകള്‍ നിര്‍മിക്കാന്‍ പ്രാപ്തമായ കമ്പനിയാണ് സ്ഥാപിച്ചിട്ടുള്ളതെന്നാണ് അവകാശവാദം. വാക്‌സിന്‍ എടുക്കുന്നവരില്‍ ആന്റീബോഡികള്‍ ഒന്നു മുതല്‍ മൂന്ന് വര്‍ഷംവരെ നിലനില്‍ക്കുമെന്നാണ് കരുതുന്നതെന്ന് സിനോഫാം പറയുന്നു. പരീക്ഷണങ്ങള്‍ പൂര്‍ത്തിയായ ശേഷമെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും അവര്‍ പറയുന്നു.

Test User: