ബീജിങ്: ഹുവേയ് ടെലികോം സി.എഫ്.ഒ മെങ് വാന്‍സോവിന്റെ അറസ്റ്റിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ ചൈനയില്‍ മറ്റൊരു കനേഡിയന്‍ പൗരന്‍ കൂടി കസ്റ്റഡിയില്‍. ബിസിനസുകാരനായ മൈക്കല്‍ സ്പാവറെയാണ് ചൈന അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. സ്പാവറുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ചൈനീസ് സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിന്റെ ഡാന്‍ദോങ് സിറ്റി ഓഫീസ് അറിയിച്ചു.
മെങ് വാന്‍സോവ് കാനഡയില്‍ അറസ്റ്റിലായ ശേഷം ചൈന കസ്റ്റഡിയിലെടുക്കുന്ന രണ്ടാമത്തെ കാനഡക്കാരനാണ് സ്പാവര്‍. നേരത്തെ കാനഡയുടെ മുന്‍ നയതന്ത്രജ്ഞന്‍ മൈക്കല്‍ കോവ്‌രിഗിനെ ചൈന കസ്റ്റഡിയിലെടുത്തിരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിനെതിരെയും ചൈന ആരോപിക്കുന്നത്. മെങ്ങിനെ വിട്ടയച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ചൈന കാനഡക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കനേഡിയന്‍ കോടതി മെങ്ങിനെ 75 ലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
ഇറാനെതിരെയുള്ള യു.എസ് ഉപരോധം ലംഘിച്ചതിന്റെ പേരില്‍ യു.എസില്‍ അറസ്റ്റ് വാറന്റുള്ള പശ്ചാത്തലത്തിലാണ് മെങ്ങിനെ കാനഡ കസ്റ്റഡിയിലെടുത്തത്. ഇവരെ അമേരിക്കക്ക് കൈമാറുന്നതു സംബന്ധിച്ച ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ ചൈനയുമായി കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ യു.എസിന് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് മെങ്ങിനെതിരെയുള്ള കേസില്‍ ഒതുക്കിത്തീര്‍ത്തേക്കുമെന്ന് യു.എസ് വൃത്തങ്ങള്‍ പറയുന്നു.