X
    Categories: Video Stories

ചൈനീസ് തടങ്കല്‍ പാളയത്തില്‍ ഉയിഗൂര്‍ വംശജര്‍ക്ക് പീഡനം


കെ.മൊയ്തീന്‍കോയ
ലോക പ്രശസ്ത സംഗീതജ്ഞന്‍ അബ്ദുറഹീം ഹെയ്റ്റിന്റെ മരണം വിവാദമായതോടെ ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകളുടെ ദീനരോധനം ഒരിക്കല്‍കൂടി രാഷ്ട്രാന്തരീയ ശ്രദ്ധയില്‍ വന്നു. സിന്‍ജിയാംഗ് പ്രവിശ്യയിലെ ഉയിഗൂര്‍ വംശജരായ മുസ്‌ലിംകള്‍ക്കെതിരെ ചൈനീസ് ഭരണകൂടം നടക്കുന്ന കിരാത വാഴ്ച അവസാനിപ്പിക്കണമെന്ന ആവശ്യം വ്യാപകമായി. തുര്‍ക്കി വംശീയ പാരമ്പര്യമുള്ള ഉയിഗൂര്‍ മുസ്‌ലിംകള്‍ക്ക്‌വേണ്ടി ഏറ്റവും അവസാനം രംഗത്ത്‌വന്നത് തുര്‍ക്കിയാണ്. വിവിധ രഹസ്യ തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന ഉയിഗൂരികളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി യു.എന്‍ മനുഷ്യാവകാശ സംഘടനയും വിവിധ ലോക സംഘടനകളും സജീവമാണ്. ഇത്തരമൊരു തടങ്കല്‍ പാളയത്തില്‍ എട്ട് വര്‍ഷത്തോളമായി തടവില്‍ കഴിയവേയാണ് അബ്ദുറഹീം ഹെയ്റ്റിയുടെ ദുരൂഹ മരണം. തടങ്കല്‍ പാളയങ്ങള്‍ ഉടന്‍ അടച്ചുപൂട്ടണമെന്ന് തുര്‍ക്കി ആവശ്യപ്പെടുന്നു.
ചൈനയുടെ മര്‍ദ്ദക ക്യാമ്പുകള്‍ക്ക് എതിരെ പ്രസിഡണ്ട് റജബ് തയ്യിബ് ഉറുദുഗാന്‍തന്നെ നേരിട്ട് രംഗത്തുണ്ട്. ലോക വിഷയങ്ങളില്‍ റഷ്യക്കും ചൈനക്കും ഒപ്പം പലപ്പോഴും നില്‍ക്കാറുള്ള ഉറുദുഗാന്‍ ഉയിഗൂര്‍ പ്രശ്‌നത്തില്‍ അതിശക്തമായ നിലപാടാണ് ചൈനക്ക് എതിരെ സ്വീകരിച്ചത്. ഇക്കാര്യം തുര്‍ക്കി ഭരണകൂടം യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. ചൈനയിലെ ഏറ്റവും വലിയ പ്രവിശ്യയായ സിന്‍ജിയാംഗില്‍ ഭൂരിപക്ഷ സമൂഹമാണ് ഉയിഗൂര്‍ മുസ്‌ലിംകള്‍. ഇവരില്‍ പത്ത് ലക്ഷത്തോളം പേര്‍ തടങ്കല്‍ പാളയങ്ങളില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് യു.എന്‍ മനുഷ്യാവകാശ സമിതിതന്നെയാണ്. ഇവ രാഷ്ട്ര പുനര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളാണെന്നാണ് കമ്യൂണിസ്റ്റ് ചൈനയുടെ അവകാശവാദം. മതം ഉപേക്ഷിച്ച് കമ്യൂണിസം പഠിപ്പിക്കുകയാണ് തടങ്കല്‍ പാളയങ്ങളില്‍. നമസ്‌കാരം, നോമ്പ് തുടങ്ങിയ മതാചാരങ്ങള്‍ ഒഴിവാക്കണം. താടി വളര്‍ത്തരുത്. തൊപ്പിയും ഹിജാബും ധരിക്കരുത്. കുട്ടികള്‍ക്ക് മത പ്രകാരമുള്ള പേരിട്ടാല്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. മാവോസെതൂങ്ങിന്റെ സാംസ്‌കാരിക വിപ്ലവത്തിന്റെ പുത്തന്‍ പതിപ്പാണ് സിന്‍ജിയാംഗില്‍ നടപ്പാക്കുന്നത്. പള്ളികളും മദ്രസകളും തകര്‍ക്കുന്നു. ചൈനീസ് ഭരണകൂടത്തെ താങ്ങിനില്‍ക്കുന്ന ഹാന്‍ വംശജരെ സംഘടിതമായി ഇവിടെ കുടിയേറാന്‍ അവസരം നല്‍കുന്നുണ്ട്. ഉയിഗൂര്‍ ഭൂരിപക്ഷം കുറക്കുകയാണ് ഉദ്ദേശം. സോവിയറ്റ് യൂണിയനിലും ഇതേ അടവ് സ്റ്റാലിന്റെ കാലത്ത് നടപ്പാക്കിയതാണ്. സ്ലാവ് വംശജരായ റഷ്യക്കാരെ അയല്‍പക്ക റിപ്പബ്ലിക്കുകളില്‍ സംഘടിതമായി കുടിയേറ്റം നടത്തിക്കുക. പഴയ സോവിയറ്റ് റിപ്പബ്ലിക്കായ ഉക്രൈനില്‍നിന്ന് ക്രിമിയ റഷ്യ കയ്യടക്കിയത് റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ടാണ്. മധ്യേഷ്യയിലെ പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍ പലതിലും റഷ്യന്‍ വംശീയ സ്വാധീനം വന്‍തോതിലാണ്.
രഹസ്യ തടങ്കല്‍ പാളയങ്ങളില്‍ ഉയിഗൂരികളെ മതത്തില്‍ നിന്ന് ‘മോചിപ്പിക്കുക’ യാണ് ലക്ഷ്യം. മസ്തിഷ്‌ക പ്രക്ഷാളനമാണ് ചൈനീസ് കമ്യൂണിസ്റ്റുകളുടെ താല്‍പര്യം. മനുഷ്യാവകാശങ്ങള്‍ക്ക് വില കല്‍പിക്കുന്നില്ല. പഴയകാല തുര്‍ക്കിസ്ഥാന്റെ കിഴക്ക് ഭാഗം 1949-ല്‍ ചൈന കയ്യടക്കി. ഇതാണ് സിന്‍ജിയാംഗ് പ്രവിശ്യ. ബാക്കിയുള്ള ഭാഗം സാറിസ്റ്റ് റഷ്യയും കയ്യടക്കുകയായിരുന്നു. മധ്യേഷ്യയിലെ പഴയ സോവിയറ്റ് (മുസ്‌ലിം) റിപ്പബ്ലിക്കുകളാണ് ഈ പ്രദേശം.
രാഷ്ട്രാന്തരീയ തലത്തില്‍ ഉയിഗൂര്‍ പ്രശ്‌നം സജീവമാകാതെ പോകുന്നത് ചൈനയുടെ തന്ത്രപരമായ നീക്കം കാരണമാണ്. വംശീയമായി തുര്‍ക്കികളാണെങ്കിലും അടുത്തകാലംവരെ തുര്‍ക്കി ചൈനക്കെതിരെ രംഗത്ത് വരാന്‍ മടിച്ചു. വാണിജ്യ രംഗത്തുള്ള സഹകരണമാണ് പ്രധാനം. അറബ് ലോകം സ്വന്തം പ്രശ്‌നങ്ങളില്‍ ഉഴലുകയാണ്. അവര്‍ക്ക് ഉയിഗൂര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ കഴിയില്ല. പാക്കിസ്താന്‍ ചൈനയുടെ അടുത്ത സുഹൃദ് രാജ്യമാണ്. ഇന്ത്യക്ക് എതിരെ ഒളിയമ്പ് തൊടുത്തുവിടാന്‍ അവര്‍ക്ക് ചൈനീസ് സഹകരണം വേണ്ടതിലേറെയാണ്.
അമേരിക്കയും പാശ്ചാത്യ നാടുകളുമാണ് ഉയിഗൂര്‍ പ്രശ്‌നം പലപ്പോഴും അന്താരാഷ്ട്ര വേദിയില്‍ അവതരിപ്പിക്കുക. പക്ഷേ, അവയൊക്കെ ജലരേഖകളായി മാറുക സ്വാഭാവികം. അമേരിക്ക കേന്ദ്രമായി ഉയിഗൂര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊജക്ട് എന്ന പ്രസ്ഥാനം സജീവമാണ്. നൂരി ടുര്‍ക്കിള്‍ ആണ് ചെയര്‍മാന്‍. അബ്ദുറഹീം ഹെയ്റ്റിന്റെ മരണം വിവാദമായതോടെ ചൈനീസ് റേഡിയോ ടര്‍ക്കിഷ് ഭാഷയില്‍ വിശദീകരണവുമായി രംഗത്ത് വന്നത് ശ്രദ്ധേയമാണ്. പശ്ചിമേഷ്യയിലെ സമ്പന്ന രാഷ്ട്രങ്ങള്‍ ശക്തമായി പ്രതിഷേധിച്ചാല്‍ ചൈനക്ക് തിരിച്ചടിയാവും. പശ്ചിമേഷ്യയില്‍ ചൈനയുടെ വാണിജ്യ താല്‍പര്യം തകര്‍ക്കപ്പെടുന്ന സ്ഥിതിയുണ്ടായാല്‍ ചൈനയുടെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഉയിഗൂരിന്റെ പ്രശ്‌നത്തില്‍ യു.എന്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത് ഞെട്ടിപ്പിക്കും. പതിറ്റാണ്ടുകളായി സിന്‍ജിയാംഗ് സ്വയം ഭരണ പ്രവിശ്യയായിരുന്നു. അവയൊക്കെ ചൈന ഒഴിവാക്കി. ഉയിഗൂര്‍ മുസ്‌ലിംകളെ ഈ നരകയാതനയില്‍നിന്ന് മോചിപ്പിക്കാന്‍ രാഷ്ട്രാന്തരീയ സമൂഹം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ചൈനയെ വിമര്‍ശിച്ച് പ്രമേയം വന്നു. യൂറോപ്യന്‍ രാജ്യങ്ങളും ഉയിഗൂര്‍ മുസ്‌ലിംകള്‍ക്ക് മനുഷ്യാവകാശം നിഷേധിക്കുന്ന ചൈനീസ് നിലപാടിനെ ശക്തമായി വിമര്‍ശിക്കുന്നു. ആദ്യമൊക്കെ അവഗണിച്ച ചൈനീസ് ഭരണകൂടം ഇപ്പോള്‍ വിശദീകരണവുമായി രംഗത്ത് വരുന്നുണ്ട്. കമ്യൂണിസ്റ്റ് ഇരുമ്പ് മറക്കുള്ളില്‍ എക്കാലവും കാര്യങ്ങള്‍ ഒതുക്കാമെന്നത് വ്യാമോഹം. ‘സാംസ്‌കാരിക വിപ്ലവം’ മാവോവാദികള്‍ ഏറ്റെടുത്ത് മുന്നോട്ട് പോയിരുന്നതാണല്ലോ. പക്ഷേ, തകര്‍ന്നു. ഇപ്പോള്‍ അവയൊക്കെ കാലയവനികക്കുള്ളില്‍ മറഞ്ഞു. രാഷ്ട്രീയം മാറ്റിവെച്ച് വാണിജ്യ മുന്നേറ്റത്തിന് അമേരിക്കയോട് മത്സരിക്കുന്നു ചൈന. എന്നാല്‍ മതങ്ങളോടുള്ള നിലപാട് കര്‍ക്കശമാക്കിയതാണ് അത്ഭുതം. കമ്യൂണിസ്റ്റ് ഭരണകൂടം അവശേഷിക്കുന്ന വിരലില്‍ എണ്ണാവുന്ന രാഷ്ട്രങ്ങളില്‍ ഒന്ന്. കമ്യൂണിസ്റ്റ് കാര്‍ക്കശ്യ നിലപാട് അവസാനിപ്പിച്ചില്ലെങ്കില്‍ ചൈനക്ക് അധികകാലം പിടിച്ചുനില്‍ക്കാനാവില്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കിഴക്കന്‍ യൂറോപ്പിലെ പതനവും ഉള്‍ക്കൊള്ളാന്‍ ചൈന തയാറാകില്ലെങ്കില്‍ വന്‍ വിപത്താണ് അവരെ കാത്തുനില്‍ക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: