ബീജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 141 പേരെ കാണാതായി. 46 വീടുകള്‍ തകര്‍ന്നു. സിചുവാന്‍ പ്രവിശ്യയിലെ മാവോക്‌സിന്‍ കൗണ്ടിയില്‍ ഷിന്‍മോ ഗ്രാമത്തിലാണ് സംഭവം. പര്‍വ്വതത്തിന്റെ ഒരു ഭാഗം മുഴുവന്‍ വീടുകള്‍ക്കുമുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. കല്ലുകളും മണ്ണും നീക്കി കാണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു നദിയുടെ ഒഴുക്ക് തടസപ്പെട്ടു. വിനോദ സഞ്ചാര മേഖലയായ ഷിന്‍മോ ഗ്രാമത്തില്‍ കനത്ത മഴ തുടരുകയാണ്. ദുരന്തത്തില്‍ വിനോദ സഞ്ചാരികള്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. പൊലീസുകാരുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തകര്‍ന്ന വീടുകള്‍ക്കു മുകളില്‍നിന്ന് കല്ലുകള്‍ നീക്കാന്‍ ബുള്‍ഡോസറുകളും എത്തിച്ചിട്ടുണ്ട്. 2008ല്‍ വെന്‍ചുവാന്‍ പ്രവിശ്യയില്‍ 87,000 പേര്‍ മരണപ്പെട്ട ഭൂകമ്പത്തിനുശേഷം ചൈനയില്‍ സമീപ കാലത്തുണ്ടാകുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിതെന്ന് പ്രാദേശിക വൃത്തങ്ങള്‍ പറയുന്നു. ഈ വര്‍ഷം ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ജനുവരിയില്‍ ഹുബേയ് പ്രവിശ്യയില്‍ ഒരു ഹോട്ടലിനു മുകളിലേക്ക് മണ്ണിടിഞ്ഞ് 12 പേര്‍ മരിച്ചിരുന്നു.