ഉത്തര്‍പ്രദേശിലെ ജലൗനില്‍ നഴ്‌സായ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയെ ഒരുസംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നും തുടര്‍ന്ന് രണ്ടുപേര്‍ കൂട്ടബലാത്സംഗം ചെയ്‌തെന്നുമാണ് ആരോപണം. യുവതിയുടെ സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കി മുറിവേല്‍പ്പിച്ചെന്നും മുളകുപൊടി തേച്ചെന്നും പരാതിയിലുണ്ട്. പരിക്കേറ്റ യുവതി ചികിത്സയിലാണ്.
വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് ശേഷമായിരുന്നു സംഭവം. വീട്ടില്‍നിന്ന് സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്ക് പോയ യുവതി പിന്നീട് ഫോണില്‍വിളിച്ചാണ് തനിക്ക് നേരിട്ട ക്രൂരത അറിയിച്ചതെന്നാണ് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നത്.
ഒരാളും അയാളുടെ ബന്ധുക്കളും ചേര്‍ന്ന് ഭാര്യയെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് 4 പേര്‍ പിടിച്ചുവെയ്ക്കുകയും രണ്ടുപേര്‍ പീഡിപ്പിക്കുകയുംചെയ്തു. സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കിയും മുളകുപൊടി തേച്ചും ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം, യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നതായും ഇയാളും കുടുംബവുമാണ് യുവതിയെ മര്‍ദിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം. യുവതിക്ക് മര്‍ദനമേറ്റെന്ന വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുംചെയ്തു.
എന്നാല്‍, ഇപ്പോള്‍ യുവതി ഗുരുതരമായ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. അതിനാല്‍ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ജലൗന്‍ എ.എസ്.പി. പ്രദീപ്കുമാര്‍ വര്‍മ മാധ്യമങ്ങളോട് പറഞ്ഞു.