X

കുഞ്ഞിന്റെ കൈക്ക് ചലന ശേഷി നഷ്ടപ്പെട്ടു,ആലപ്പുഴ വനിത ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി

ആലപ്പുഴ: വനിത ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതിയുമായി റെയില്‍വെ വാര്‍ഡ് സ്വദേശികളായ വിഷ്ണുവും അശ്വതിയും. പ്രസവത്തില്‍ കുഞ്ഞിന്റെ കൈക്ക് ചലന ശേഷി നഷ്ടപ്പെട്ടയിനെ തുടര്‍ന്നാണ് പരാതി.കഴിഞ്ഞ ദിവസം ആരോപണം നേരിട്ട ഡോക്ടര്‍ പുഷ്പക്ക് എതിരെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.ആറു മാസത്തിനുള്ളില്‍ ഭേദമാകും എന്ന് ഡോക്ടര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഒരു വര്‍ഷമായിട്ടും ചലന ശേഷി തിരിച്ച് കിട്ടിയില്ല.

ഒരു വര്‍ഷം മുന്നെയാണ് വനിതാ ശിശു ആശുപത്രിയില്‍ വിഷ്ണുവിന്റെ ഭാര്യ അശ്വതി കുട്ടിയ്ക്ക് ജന്മം നല്‍കിയത്. കുട്ടിയുടെ വലതു കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്ന കാര്യം ആദ്യം മറച്ചുവെച്ചു. മാതാപിതാക്കള്‍ സംശയമുന്നയിച്ചതോടെയാണ് വിവരം അറിയിക്കുന്നത്. നിലവില്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. മൂന്ന് മാസത്തിനുള്ളില്‍ മാറ്റമില്ലെങ്കില്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നതെന്ന് കുടുംബം പറഞ്ഞു. സംഭവത്തില്‍ വനിത ശിശു ആശുപത്രിയിലെ ഡോക്ടര്‍ക്ക് എതിരെ നടപടി വേണമെന്നും ആവശ്യപെട്ടിട്ടുണ്ട്. ഡിവൈഎസ്പിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വനിത ശിശു ആശുപത്രിക്കെതിരെ പുറത്ത് വന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി ദമ്പതികള്‍ രംഗത്തെത്തിയത്. അനീഷ്, സുറുമി ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് അസാധരണ വൈകല്യത്തോടെ ജനിച്ചത്. അസാധരണ വൈകല്യങ്ങളുമായി ജനിച്ച കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. തുറക്കാന്‍ കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികള്‍ വ്യക്തമാക്കുന്നത്.

webdesk17: