X

സ്കൂള്‍ വാഹനങ്ങളിൽ തോന്നും പടി കുട്ടികളെ കൊണ്ട് പോവാൻ അനുവദിക്കില്ല :സുരക്ഷ നിർദ്ദേശങ്ങളുമായി എംവിഡി

സംസ്ഥാനത്ത് സ്കൂള്‍ തുറക്കലിന്റെ പശ്ചാത്തലത്തില്‍ വിദ്യാർഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയ്ക്കായി പുതുക്കിയ മാർഗനിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂള്‍ തുറക്കുന്നതിന് മുൻപ് തന്നെ അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കി വാഹനങ്ങള്‍ ഫിറ്റ്നെസ് പരിശോധനയ്ക്ക് ഹാജരാക്കണം. വാഹനങ്ങളുടെ മുന്നിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റിയൂഷൻ ബസ് (ഇഐബി) എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം.

കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന, സ്ഥാപനത്തിന്റെ ഉടമസ്ഥതയില്‍ അല്ലാത്ത മറ്റു വാഹനങ്ങളില്‍ വെള്ളപ്രതലത്തില്‍ നീല അക്ഷരത്തില്‍ ‘ഓണ്‍ സ്കൂള്‍ ഡ്യൂട്ടി’ എന്ന ബോർഡ് പ്രദർശിപ്പിക്കണം. സ്കൂള്‍ മേഖലയില്‍ പരമാവധി മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റ് റോഡുകളില്‍ 50 കിലോമീറ്ററുമായി വേഗം നിജപ്പെടുത്തിയിട്ടുണ്ട്. സ്കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെയെങ്കിലും ഡ്രൈവിങ് പരിചയം വേണം. ഹെവി വാഹനങ്ങള്‍ ഓടിക്കുന്നവർക്ക് അഞ്ചുവർഷത്തെ ഹെവി വാഹനങ്ങള്‍ ഓടിച്ചുള്ള പരിചയവും വേണം

മറ്റ് പ്രധാന നിർദേശങ്ങള്‍

ഓരോ ട്രിപ്പിലെയും കുട്ടികളുടെ പേര്, ക്ലാസ്, ബോഡിങ് പോയിന്റ്, രക്ഷിതാവിന്റെ പേര്, വിലാസം, ഫോണ്‍ നമ്പർ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തില്‍ പ്രദർശിപ്പിക്കണം. കയറുന്നതിനും ഇറങ്ങുന്നതിനും സാധനങ്ങള്‍ എടുത്തുനല്‍കാനും വാഹനത്തിന്റെ പുറകിലൂടെ റോഡ് കുറുകേ കടക്കാനും ചെറിയ കുട്ടികളെ ആയമാർ സഹായിക്കണം.
സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നവർ വെള്ള ഷർട്ടും കറുപ്പ് പാന്റും തിരിച്ചറിയല്‍ കാർഡും ധരിക്കണം. മറ്റ് വാഹനങ്ങളില്‍ ഡ്രൈവർ കാക്കിനിറത്തിലെ യൂണിഫോം ധരിക്കണം.

സുസജ്ജമായ പ്രഥമശുശ്രൂഷാ കിറ്റ് എല്ലാ സ്കൂള്‍ വാഹനത്തിലുമുണ്ടെന്ന് സ്കൂള്‍ അധികാരികള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തേണ്ടതുമാണ്. സ്കൂള്‍ വാഹനങ്ങളുടെ ഡ്രൈവർമാരുടെ രീതികള്‍ കുട്ടികളെ സ്വാധീനിക്കാനിടയുണ്ട്. അതിനാല്‍ മാതൃകാപരമായിത്തന്നെ വാഹനങ്ങള്‍ ഓടിക്കണം. ദുശ്ശീലങ്ങളുള്ളവരെ ഡ്യൂട്ടിക്കായി നിയോഗിക്കരുത്. ഇവർ മദ്യപിച്ച്‌ വാഹനമോടിച്ചതിനോ അമിതവേഗത്തിനോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുതെന്നും ഉറപ്പുവരുത്തണം.

വാതിലുകളുടെ എണ്ണത്തിനു തുല്യമായ ആയമാർ എല്ലാ സ്കൂള്‍ ബസ്സിലും വേണം. വാതിലുകള്‍ക്ക് പൂട്ടുകളും ജനലുകള്‍ക്ക് ഷട്ടറുകളും വേണം. ജനലുകളില്‍ താഴെ നീളത്തില്‍ കമ്പികള്‍ ഘടിപ്പിച്ചിരിക്കണം. സേഫ്റ്റി ഗ്ലാസ് ഘടിപ്പിച്ചിട്ടുള്ള എമർജൻസി എക്സിറ്റ് സംവിധാനം വേണം. ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ അനധ്യാപകനെയൊ റൂട്ട് ഓഫീസറായി നിയോഗിക്കണം.
വാഹനത്തിനകത്ത് അഗ്നിരക്ഷാ ഉപകരണം അടിയന്തര ഘട്ടങ്ങളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ ഘടിപ്പിക്കണം. കുട്ടികളുടെ ബാഗുകള്‍, കുട എന്നിവ സൂക്ഷിക്കുന്നതിനുള്ള റാക്കുകള്‍ വേണം.

സ്പീഡ് ഗവേണറുകള്‍ ഘടിപ്പിക്കണം. ജിപിഎസ് സംവിധാനം സ്കൂള്‍ വാഹനങ്ങളില്‍ ഘടിപ്പിച്ച്‌ ‘സുരക്ഷാമിത്ര’ സോഫ്റ്റ്‌വെയറുമായി ലിങ്ക് ചെയ്യണം. സ്കൂളിന്റെ പേരും ഫോണ്‍ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം. പിറകില്‍ ചൈല്‍ഡ് ലൈൻ (1098), പോലീസ്, ആംബുലൻസ്, ഫയർഫോഴ്സ്, മോട്ടോർവാഹനവകുപ്പ് ഓഫീസ്, സ്കൂള്‍ പ്രിൻസിപ്പല്‍ എന്നിവരുടെ നമ്പറുകളും വേണം. സീറ്റിങ് ശേഷിക്കനുസരിച്ചു മാത്രമേ വാഹനത്തില്‍ കുട്ടികളെ യാത്രചെയ്യാൻ അനുവദിക്കാവൂ. 12-ന് താഴെ പ്രായമുള്ളവരാണെങ്കില്‍ ഒരു സീറ്റില്‍ രണ്ടുപേർക്ക് യാത്രചെയ്യാം.

webdesk13: