X

കുട്ടികള്‍ കൊലവിളിക്കേണ്ടവരല്ല-പി. ഇസ്മായില്‍ വയനാട്‌

നന്മയുടെ മാതൃകകള്‍ തീര്‍ത്ത് വഴിവിളക്കുകളായി നിലകൊള്ളുന്ന അനേകം കുട്ടികളുടെ പേരുകള്‍ ലോക തലത്തിലുണ്ട്. സ്‌കൂള്‍ ജീവിതത്തില്‍തന്നെ വിസ്മയം തീര്‍ത്ത റിയാന്‍ ഹെല്‍ ജാക്കിനെ ഓര്‍ക്കാത്ത ക്ലാസ്മുറികള്‍ കുറവായിരിക്കും. കാനഡയിലെ കെംപ്റ്റ വില്ല ഹോളിക്രോസ് സ്‌കൂളിലെ അധ്യാപിക നാന്‍സി പ്രൈസ്റ്റ് ആഫ്രിക്കന്‍ ജനതയുടെ ദുരിതങ്ങളും അവിടെയുള്ളവര്‍ അനുഭവിക്കുന്ന രൂക്ഷമായ വരള്‍ച്ചയെപറ്റിയും ക്ലാസില്‍ വിശദീകരിച്ചപ്പോള്‍ റിയാന്‍ ഹെല്‍ജാക്ക് എന്ന ആറു വയസുകാരന്റെ മനസിനെ ആ വാക്കുകള്‍ ഉലക്കുകയുണ്ടായി. അവന്‍ ടീച്ചറോട് ചോദിച്ചു. എന്താണ് ആഫ്രിക്കയില്‍ വെള്ളം കിട്ടാന്‍ പ്രയാസം. ആഫ്രിക്ക ഉഷ്ണമേഖലാരാജ്യമാണെന്നും ഭൂഗര്‍ഭ ജലം കിട്ടണമെങ്കില്‍ അവിടെ ആഴത്തില്‍ കുഴല്‍ കിണര്‍ നിര്‍മിക്കണമെന്നും അതിന് വലിയ രീതിയില്‍ സാമ്പത്തിക ചിലവ് വരുമെന്നും ടീച്ചര്‍ പറഞ്ഞു. ആഫ്രിക്കക്കാര്‍ ദരിദ്രരായതിനാല്‍ അവര്‍ക്ക് കിണര്‍ നിര്‍മിക്കാന്‍ കഴിയില്ലന്നും ടീച്ചര്‍ വിശദീകരിച്ചു. ശുദ്ധജലത്തിനായി 20 കിലോമീറ്റര്‍ ദൂരത്തോളം സഞ്ചരിക്കുന്ന ആഫ്രിക്കയിലെ ജനങ്ങളെകുറിച്ചും മലിനജലം കുടിച്ച് മരിക്കുന്ന കുട്ടികളെ കുറിച്ചുമുള്ള അധ്യാപികയുടെ വാക്കുകള്‍ അവന്റെ കാതുകളില്‍ വീണ്ടും അലയടിച്ചു. ആഫ്രിക്കക്കാരെ വരള്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ എങ്ങിനെ സഹായിക്കാന്‍ പറ്റും എന്നായിരുന്നു സ്‌കൂളുകളില്‍നിന്ന് മടങ്ങി വരുമ്പോള്‍ കൊച്ചു റിയാന്‍ ആലോചിച്ചത്.

ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ തുടര്‍ ദിനങ്ങളില്‍ റിയാന്‍ ശ്രമം തുടങ്ങി. സഹപാഠികളുടെയും ഉദാരമതികളുടെയും സഹായത്താല്‍ കാനഡയുടെ അതിര്‍ത്തി കടന്ന് ഉഗാണ്ടയിലെ അഗവിയോയിലെ പ്രൈമറി സ്‌കൂളില്‍ കുഴല്‍ കിണര്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കാന്‍ റിയാന് കഴിഞ്ഞു. പ്രവര്‍ത്തനം അവിടം കൊണ്ടവസാനിച്ചില്ല. 2015ല്‍ റിയാന്‍ വെല്‍ഫൗണ്ടേഷന്‍ എന്ന സംഘടന രൂപീകരിച്ചു. ആഗോളതലത്തില്‍ വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ നുറുകണക്കിനു കുഴല്‍കിണറുകള്‍ നിര്‍മിക്കാനും ആയിരകണക്കിനു ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം കാണാനും റിയാന്‍ വെല്‍ഫൗണ്ടേഷനു സാധിച്ചു. മാരകമായ അര്‍ബുദരോഗം പിടിപെട്ട് കുഞ്ഞുശരീരം തളരുമ്പോഴും മാഞ്ചസ്റ്ററിലെ അലക്‌സാന്‍ഡ്ര സ്‌കോട്ട് കൊളുത്തിവെച്ച കാരുണ്യ ദീപം അവളുടെ മരണ ശേഷവും അനേകര്‍ക്കാണ് വെളിച്ചം പകരുന്നത്. മാതാപിതാക്കളോട് നാലാം ജന്മദിനത്തിലാണ് വഴിവക്കില്‍ ജ്യൂസ് കട തുടങ്ങണമെന്ന ആഗ്രഹം അവള്‍ പ്രകടിപ്പിച്ചത്. അതില്‍ നിന്ന് കിട്ടുന്ന വരുമാനം തന്നെ പോലെ ക്യാന്‍സര്‍ രോഗികളായ കുട്ടികളെ സഹായിക്കുന്നതിന് മാറ്റിവെക്കണമെന്നും അവള്‍ പറഞ്ഞു. മാതാപിതാക്കള്‍ അവള്‍ക്കായി തുറന്ന കട ചരിത്രത്തിന്റെ ഭാഗമായി. നാലു വര്‍ഷം കൊണ്ട് പത്തു ലക്ഷം ഡോളറിന്റെ സഹായം നല്‍കാന്‍ അവള്‍ക്ക് സാധിച്ചു. 2004 ല്‍ എട്ടാം വയസില്‍ അവള്‍ വിടവാങ്ങിയെങ്കിലും അവളുടെ ദൗത്യം ലെമഡേഡ് സ്റ്റാന്‍ഡ് ഫൗണ്ടേഷനിലൂടെ തുടരുകയാണ്. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ ശീതയുദ്ധം നടക്കുന്ന സമയം ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളെ കത്തെഴുത്തിലൂടെ സമാധാനത്തിന്റെ പാതയിലെത്തിച്ച് പതിമൂന്നാം വയസില്‍ വിമാന അപകടത്തില്‍ മരണപ്പെട്ട അമേരിക്കന്‍ അംബാസിഡര്‍ സാമന്ത സ്മിത്ത്. സിറിയന്‍ ഭീകരതയെ കുറിച്ച് ലോകത്തോട് സംസാരിച്ച എട്ടു വയസുകാരി ബാന അലബാദ്, മിഷിഗണിലെ ജല മലിനീകരണം തടയാന്‍ പൊരുതുന്ന പതിനൊന്നുകാരി മേരി കൊപ്പെനി, പാരിസ്ഥിതിക വിഷയത്തിലെ ലോക ശബ്ദം ഗ്രറ്റ തുന്‍ബര്‍ഗ് തുടങ്ങി ആഗോള തലത്തില്‍ ചരിത്രം തീര്‍ത്തത് അനേകം കൗമാര പ്രതിഭകളാണ്.

രണ്ടു വര്‍ഷത്തെ കോവിഡ് കാലയളവില്‍ മുടി നീട്ടി വളര്‍ത്തി അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മിക്കാന്‍ കേശദാനം ചെയ്ത പയ്യന്നൂരിലെ അമല്‍, അമന്‍ ഇരട്ട സഹോദരങ്ങളുടെ പ്രവര്‍ത്തനം ധാരാളം കുട്ടികളെയും രക്ഷിതാക്കളെയുമാണ് സ്വാധീനിച്ചത്. ഊരും പേരുമറിയാത്ത യാചകനു വേളി കുഞ്ഞുകരങ്ങള്‍ നീട്ടിയ ആനമങ്ങാട് സ്‌കൂളിലെ ഷഹാന ഷെറിനും ആയിരങ്ങളെയാണ് പ്രചോദിപ്പിച്ചത്. നന്മ നിറഞ്ഞ കൗമാരങ്ങളില്‍ നിന്നും വിഭിന്നമായി ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച റാലിയില്‍ പത്തു വയസ്സുകാരന്‍ മുഴക്കിയ വിദ്വേഷം നിറഞ്ഞ മുദ്രാവാക്യവും തിരുവനന്തപുരത്ത് വി.എച്ച്.പിയുടെ ദുര്‍ഗ വാഹിനി റാലിയില്‍ ആയുധമേന്തി പെണ്‍കുട്ടികള്‍ നടത്തിയ പഥ സഞ്ചനലവും മതേതര മനസുകളില്‍ ആഴമേറിയ മുറിവുകളാണ് സൃഷ്ടിച്ചത്. ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പു കടിയേറ്റു മരിച്ച സമയം അധികൃതരുടെ അനാസ്ഥക്കെതിരെ കീര്‍ത്തിയും കീര്‍ത്തനയും നിദാഫാത്തിമയും മുദ്രാവാക്യം വിളിച്ചപ്പോഴും മുഷ്ടി ചുരുട്ടിയപ്പോഴും കുട്ടികളെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചവര്‍ രണ്ടു റാലികളില്‍ പങ്കാളികളായ കുട്ടികളെ തള്ളി പറയേണ്ടി വന്നതിലെ രാഷ്ട്രീയം ഇഴ കീറി പരിശോധിക്കേണ്ടതുണ്ട്.

കുഞ്ഞുനാളിലേ കുട്ടികളെ പിടി കൂടുക (catch them yong) എന്നത് അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ പയറ്റിയ തന്ത്രമാണ്. തീവ്രവാദ പ്രസ്ഥാനങ്ങള്‍ ആഗോള തലത്തില്‍ കുട്ടികളെ റാഞ്ചിയെടുത്ത് ആയുധമണിയിക്കുകയും ചാവേറുകളാക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. സംഘ്പരിവാര്‍ ആശയ പ്രഭൃതികള്‍ കുരുന്നു മനസുകളില്‍ വെറുപ്പിന്റെ പാഠങ്ങളാണ് പഠിപ്പിക്കുന്നത്. ബി.ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പാഠ പുസ്തകങ്ങള്‍പോലും വര്‍ഗീയ വിഷം പുരണ്ടതാണ്. നാനാ ജാതി മതസ്ഥരെ സുഹൃത്തുക്കളായും വിവിധ മതങ്ങളുടെ ആഘോഷങ്ങളെ അടുത്തറിയാനും കഴിയുന്ന പൊതു വിദ്യാലയങ്ങള്‍ക്ക് മരണമണി മുഴങ്ങി തുടങ്ങിയതും തീവ്ര ചിന്താഗതിക്കാര്‍ അവസരമാക്കിയിരിക്കുകയാണ്. വര്‍ഗീയ ചിന്തകളെ തുടച്ചുനീക്കാന്‍ പൊതു ഇടങ്ങള്‍ വീണ്ടെടുക്കേണ്ടത് മതേതര ചിന്താഗതിക്കാരുടെ അജണ്ടയായി മാറണം. വീടിന്റെ അകത്തളങ്ങളില്‍ ഓരോ കുട്ടികളോടും അവരുടെ കൂട്ടുകാരെ കുറിച്ച് ചോദിച്ചറിയാന്‍ രക്ഷിതാക്കള്‍ താല്‍പര്യപ്പെടണം. ഇതര മത വിശ്വാസികള്‍ കുട്ടുകാരല്ലെങ്കില്‍ കുട്ടികളെ തിരുത്തണം. ബഹുമത സമൂഹത്തിന്റെ പ്രാധാന്യവും ഇന്ത്യയുടെ മഹത്വവും അവരുടെ കാതുകളില്‍ ഓതി കൊടുക്കണം. മറ്റുള്ളവരുടെ പ്രാണന്‍ അപഹരിക്കാന്‍ കഠാരയേന്തുന്നവരായി മാറുന്നതിന് പകരം ശസ്ത്രക്രിയയിലൂടെ ജീവന്‍ രക്ഷിക്കാന്‍ കത്തിയേന്തുന്നവരും രക്തം നല്‍കി ആയുസ് കൂട്ടുന്നവരായും അശരണര്‍ക്കും അഗതികള്‍ക്കും അനാഥര്‍ക്കും തണല്‍മരമായി മാറാനും പ്രചോദിപ്പിക്കണം.

Chandrika Web: