ഡല്‍ഹി: കോവിഡ് മൂന്നാം തരംഗം നേരിടാന്‍ സജ്ജമാവാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ഇത് മുമ്പില്‍ കണ്ട് ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സംഭരണ സംവിധാനങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.
കോവിഡ് മൂന്നാം തരംഗം രാജ്യത്തുണ്ടായാല്‍ അത് മുതിര്‍ന്നവരേക്കാള്‍ കുഞ്ഞുങ്ങളെയാണ് ബാധിക്കുക എന്ന വിദഗ്ധരുടെ മുന്നറിയിപ്പ് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. മുതിര്‍ന്നവരേക്കാള്‍ കുഞ്ഞുങ്ങള്‍ക്ക് ആജിവനശക്തി കൂടുതലാണെങ്കിലും രോഗം വന്നാല്‍ അവര്‍ക്ക് സ്വയം ആശുപത്രിയില്‍ പോവാന്‍ സാധിക്കില്ല. മാതാപിതാക്കളുടെ സഹായം ഇവര്‍ക്ക് വേണം. അങ്ങനെ വരുമ്പോള്‍ കുഞ്ഞുങ്ങള്‍ പ്രയാസപ്പെട്ടേക്കാം എന്ന് കോടതി പറഞ്ഞു.
ഓക്‌സിജന്‍ വിനിയോഗം സംബന്ധിച്ച് പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കാന്‍ കേന്ദ്രത്തേയും ഡല്‍ഹി സര്‍ക്കാരിനേയും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.