കൊച്ചി: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇടതു സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ വേളയിലാണ് സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്നതിന്റെ തെളിവായി കേസുകളുടെ വിവരങ്ങള്‍ വിവരാവകാശ രേഖകള്‍ പ്രകാരം പുറത്തായത്. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയാണ് ഇക്കാര്യം സംബന്ധിച്ച് കമ്മീഷനില്‍ അപേക്ഷ നല്‍കിയത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2013 ജൂണ്‍ മൂന്നിനാണ് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30 വരെ 1681 കേസുകളായിരുന്നു കമ്മീഷനില്‍ ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 1554 കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ കേസുകളുടെ എണ്ണം ഇരട്ടിയോളമായി വര്‍ധിച്ചു. 2016 മെയ് ഒന്നു മുതല്‍ 2017 മാര്‍ച്ച് 31 വരെ 2360 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ 189 കേസുകള്‍ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടാണ്. തിരുവനന്തപുരത്താണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് (565). ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലും (60). കൊല്ലം-184, ആലപ്പുഴ-113, കോട്ടയം-115, ഇടുക്കി-98, എറണാകുളം-192, തൃശൂര്‍-161, പാലക്കാട്-102, മലപ്പുറം-152, കോഴിക്കോട്-308, വയനാട്-75, കണ്ണൂര്‍-159 കാസര്‍ക്കോട്-76 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നു വര്‍ഷത്തിനിടെ 1681 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് തന്നെയായിരുന്നു കൂടുതല്‍ കേസുകള്‍ (406), ഏറ്റവും കുറവ് കാസര്‍ക്കോട് ജില്ലയിലും, 53 കേസുകള്‍ മാത്രമാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരുന്നത്. കൊല്ലം-101, പത്തനംതിട്ട-56, ആലപ്പുഴ-66, കോട്ടയം-62, ഇടുക്കി-63, എറണാകുളം-91, തൃശൂര്‍-163, പാലക്കാട്-109, മലപ്പുറം-118, കോഴിക്കോട്-250, വയനാട്-81, കണ്ണൂര്‍-62 എന്നിങ്ങനെയായിരുന്നു മറ്റു ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.
അതേസമയം, ബാലപീഡനവും ലൈംഗികാതിക്രമങ്ങളും വര്‍ധിക്കുമ്പോഴും ആവശ്യത്തിന് അംഗങ്ങളില്ലാതെയാണ് ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പ്രവര്‍ത്തനം. ചെയര്‍പേഴ്‌സന്റെ കീഴില്‍ ആറു അംഗങ്ങളാണ് വേണ്ടത്. മൂന്നു വര്‍ഷം കാലാവധിയിലാണ് അംഗങ്ങളെ നിയമിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച അംഗങ്ങളുടെ കാലാവധി കഴിഞ്ഞ ജനുവരിയിലാണ് അവസാനിച്ചത്. മതിയായ അംഗങ്ങള്‍ ഇല്ലാത്തത് കാരണം ജില്ലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സിറ്റിംഗുകളും നിലച്ച സ്ഥിതിയാണ്. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന കുട്ടികളുടെ സംരക്ഷണ നിയമം (പോക്‌സോ), കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം, ബാലനീതി നിയമം എന്നീ മൂന്നു കേന്ദ്ര നിയമങ്ങളുടെ നിരീക്ഷണ ചുമതലയാണ് ബാലാവകാശ സംരക്ഷണ കമ്മീഷനുള്ളത്.