ഉരുളെടുത്ത നാടിന്റെ അതിജീവനകഥയുടെ നൃത്താവിഷ്‌കാരവുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വികാരനിര്‍ഭരമായ തുടക്കമേകി വെള്ളാര്‍മലയുടെ കുട്ടികള്‍. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മേപ്പാടി പഞ്ചായത്തിലെ വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളായ ഏഴംഗസംഘമാണ് നാടിന്റെ നടുക്കത്തിന്റെയും അതിജീവനത്തിന്റെയും കഥയുമായി സംസ്ഥാന കലോത്സവവേദിയുടെ ഉദ്ഘാടനവേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ കണ്ണീരിലും കരഘോഷത്തിലുമാക്കിയത്.
ഉദ്ഘാടന പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ച നൃത്തത്തില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ ആഘാതവും അവിടത്തെ മനുഷ്യരുടെ അതിജീവന കഥയുമായിരുന്നു പ്രമേയം. വെള്ളാര്‍മല സ്‌കൂളിലെ പ്രധാനധ്യാപകനായിരുന്ന ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് നൃത്താവിഷ്‌കാരം അരങ്ങിലെത്തിച്ചത്.
മനോഹരമായ ചൂരല്‍മല ഗ്രാമവും സ്‌കൂള്‍ ജീവിതവും അവതരിപ്പിച്ചുകൊണ്ട് തുടങ്ങിയ നൃത്തം, ദുരന്തത്തെ പറ്റി വിവരിച്ചു തുടങ്ങിയപ്പോള്‍ പലരും വികാര നിര്‍ഭരരായി.
വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു ചൂരല്‍മലയിലെ വലിയ ഉരുള്‍പൊട്ടലിനെതിരായ മതിലായത്. ആ ഇരുനിലക്കെട്ടിടമില്ലായിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ ആഘാതം പലമടങ്ങാകുമായിരുന്നു. നൃത്താവിഷ്‌കാരത്തിനുശേഷം മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ആന്റണി രാജു എം.എല്‍.എ. എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി ആദരിച്ചു.