X

ബാലിശമായ ഖുര്‍ആന്‍ വ്യാഖ്യാനം-അലി മുഹമ്മദ് തയ്യില്‍

വിശുദ്ധ ഖുര്‍ആനിലെ ഹിജാബ് സംബന്ധമായ നിര്‍ദ്ദേശങ്ങളിലേക്ക് കോടതി കടന്ന് ചെല്ലുന്നുണ്ട്. ഇതോടനുബന്ധിച്ച് വളരെ വിചിത്രമായ കാര്യം ചൂണ്ടികാണിക്കേണ്ടതുണ്ട്. ഖുര്‍ആനിലെ ഹിജാബ് സംബന്ധമായ നിര്‍ദേശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് കോടതി അത്തരം കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതിലേക്കും വിശദീകരിക്കേണ്ടതിലേക്കുമൊക്കെയുള്ള അവലംബ തത്വമായി അബ്ദുള്ള യൂസഫലിയുടെ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയില്‍ നിന്ന് രണ്ടാം അധ്യായത്തിലെ 256ാം സൂക്തം ഉദ്ധരിക്കുന്നു.

മതത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധമില്ല എന്നു തുടങ്ങുന്ന സൂക്തം. മതത്തിന്റെ അനുഷ്ഠാനങ്ങള്‍ മതവിശ്വാസികളില്‍ കര്‍ശനമായി നിര്‍ബന്ധമാക്കപ്പെട്ടവയല്ല എന്ന ധ്വനി നല്‍കാനും അതുവഴി ഹിജാബ് ധാരണം തുടങ്ങിയവ അത്ര കണിശമായി പാലിക്കേണ്ടതല്ല എന്ന് സൂചിപ്പിക്കാനുമാണ് ഈ സൂക്തം കോടതി ഉദ്ധരിച്ചതായിക്കാണുന്നത്.

യഥാര്‍ഥത്തില്‍ മതം എന്നത് ഒരാളിലും അടിച്ചേല്‍പ്പിക്കേണ്ടതല്ല എന്നതാണ് ഈ സൂക്തത്തിന്റെ വിവക്ഷ എന്നത് വളരെ വ്യക്തമായ കാര്യമാണ്. അല്ലാതെ മതവിശ്വാസവും ആചാരങ്ങളും മതവിശ്വാസികള്‍ ഇഷ്ടമുണ്ടെങ്കില്‍ പുലര്‍ത്തിയാല്‍ മതി എന്നല്ല. തുടര്‍ന്നുള്ള ഭാഗങ്ങള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. സന്മാര്‍ഗം ദുല്‍മാര്‍ഗത്തില്‍ നിന്നും വേര്‍തിരിഞ്ഞ് കിടപ്പുണ്ടെന്നും സന്മാര്‍ഗത്തെ പുല്‍കിയവന്‍ ശക്തമായ വിജയപാശത്തെയാണ് മുറുകെപിടിച്ചിട്ടുള്ളത് എന്നുമാണ് അതു പറയുന്നത്. മതം ബലം പ്രയോഗിച്ചു മറ്റുള്ളവരെ ക്കൊണ്ട് സ്വീകരിപ്പിക്കേണ്ടതല്ല എന്ന് വ്യക്തമാക്കുന്ന സൂക്തത്തെ മതവിശ്വാസി മതശാസനകള്‍ പാലിക്കാന്‍ ബാധ്യസ്ഥനല്ല എന്ന രീതിയില്‍ ഒരിക്കലും വ്യാഖ്യാനിക്കാവുന്നതല്ല. ഈ സൂക്തത്തെ അബ്ദുല്ല യൂസഫലി തുടര്‍ന്നു വിശദീകരിച്ചതിനെ നല്ല അഭിനന്ദന വാചകങ്ങളോടെ കോടതി അംഗീകരിച്ചു ഉദ്ധരിക്കുന്നുണ്ട്.

അവിടെ വ്യാഖ്യാതാവ് വിവരിക്കുന്നത് കോടതി ഉദ്ധരിച്ച വാചകങ്ങള്‍ പ്രകാരമാണെങ്കിലും ഇത്രമാത്രമാണ്. നിര്‍ബന്ധമെന്നത് മതവുമായി യോജിക്കുന്നതല്ല. കാരണം മതമെന്നത് വിശ്വാസത്തെയും അതിനുള്ള ഇച്ഛയെയും ആശ്രയിച്ചാണിരിക്കുന്നത്. ബലം പ്രയോഗിച്ച് അടിച്ചേല്‍പ്പിച്ചാല്‍ ഇവ നിരര്‍ഥകമായിതീരും എന്നാണ്. വ്യാഖ്യാതാവിന്റെ ആ വിവരണത്തില്‍ നിന്നും മതവിശ്വാസിക്ക് മതശാസനകള്‍ നിര്‍ബന്ധമല്ല എന്നല്ല മനസ്സിലാവുന്നത്. മതം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട് എന്നാണ്. ഈ സൂക്തം ഉദ്ധരിച്ചു കോടതി പറയുന്നത്, ഇത് പ്രവാചകന്റെ വാക്കാണ് എന്ന നിലയിലാണ്. ഇത് വിശുദ്ധ ഖുര്‍ആനിലെ സൂക്തമാണ്. അത് പ്രവാചകന്റെ വാചകമല്ല എന്നത് തര്‍ക്കമറ്റതാണ്.

സത്യവിശ്വാസിനികളായ സ്ത്രീകളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്താനും മറ്റുമുള്ള കല്‍പ്പനകളോടൊപ്പം അവരുടെ മക്കനകള്‍ കുപ്പായങ്ങള്‍ക്ക് മീതെ താഴ്ത്തി ഇടാനുമൊക്കെ അനുശാസിക്കുന്ന 24ാം അധ്യായത്തിലെ 31ാം സൂക്തവും പ്രവാചകപത്‌നിമാരോടും സത്യവിശ്വാസിനികളായ മറ്റ് സ്ത്രീകളോടും അവരുടെ മൂടുപടങ്ങള്‍ അവരുടെ മേല്‍ താഴ്ത്തിയിടാന്‍ കല്‍പ്പിക്കുന്ന 33ാം അധ്യാത്തിലെ 59ാം സൂക്തവും കോടതി ഉദ്ധരിക്കുന്നു. ഈ സൂക്തങ്ങളില്‍ നിന്നെല്ലാം ഹിജാബ് സംബന്ധമായ നിര്‍ദ്ദേശം നിര്‍ബന്ധമായ നിലക്കാണ് എന്ന് വ്യക്തമാകുന്നുണ്ട്. പക്ഷേ കോടതി ഹിജാബിന്റെ ചരിത്രവും ആവിര്‍ഭാവ സ്വാഭാവവും മറ്റ് പലതും വിശദീകരിച്ചുകൊണ്ട് കണ്ടെത്തുന്നത്, വിശുദ്ധ ഖുര്‍ആനില്‍ തന്നെ ആന്തരികമായി വേണ്ടത്ര ഘടകങ്ങള്‍ ഉണ്ട് ഹിജാബ് നിര്‍ബന്ധമല്ല ഐശ്ചികം മാത്രമാണ് എന്ന വാദഗതിയെ ന്യായീകരിക്കാന്‍ എന്നാണ്. കോടതിയുടെ ഈ നിരീക്ഷണം വിശുദ്ധ ഖുര്‍ആനിലെ കോടതി ഉദ്ധരിച്ച സൂക്തങ്ങള്‍കൊണ്ട് തന്നെ ശരിയായിട്ടുള്ളതായില്ല എന്ന് പറയേണ്ടിവരുന്നു. മാത്രമല്ല ഇസ്‌ലാമിലെ മതശാസനകള്‍ നിര്‍ബന്ധമായവതന്നെ പ്രവാചക നിര്‍ദ്ദേശങ്ങള്‍ കൊണ്ടും സ്ഥിരപ്പെട്ടവയുണ്ട്.

കോടതിയുടെ മുന്‍ പറഞ്ഞ നിരീക്ഷണത്തിന് അവംലംബമായി ഇവിടെയും കോടതി വ്യാഖ്യാതാവിനെ ഉദ്ധരിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്. ഈ നിയമം നിരുപാധികമല്ല ഏതെങ്കിലും കാരണവശാല്‍ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദൈവം വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്ന്. വിശ്വാസിയുടെ കഴിവിനപ്പുറമായി അനിവാര്യമായ സാഹചര്യങ്ങളില്‍ മതശാസനകളില്‍ ഇളവുകള്‍ നല്‍കാറുണ്ട് എന്നത് ഈ സാഹചര്യത്തോട് ചേര്‍ത്തുവെക്കാവുന്ന ന്യായീകരണമല്ല. പന്നിമാംസം ഖുര്‍ആന്‍ നിഷിദ്ധമാക്കിയതാണ്. പക്ഷേ ജീവന്‍ നിലനിര്‍ത്താന്‍ മറ്റൊന്നും ലഭ്യമല്ലാത്തതുപോലുള്ള അനിവാര്യമായ സാഹചര്യങ്ങളില്‍ വിശ്വാസിക്ക് പന്നിമാസം അനുവദനീയമാണ് എന്നാണ് മതവിധി. ഈ ഇളവ് ചൂണ്ടിക്കാണിച്ചുകൊണ്ട് ആരെങ്കിലും പന്നിമാസം ഇസ്‌ലാമില്‍ നിഷിദ്ധമല്ല എന്ന് പറഞ്ഞാല്‍ അതെത്ര ബാലിശമായിരിക്കും.

Chandrika Web: