X

ചേര്‍ത്തുപിടിക്കേണ്ട ബാല്യം- റഹ്മത്തുല്ല സ്വലാഹി പുത്തൂര്‍

റഹ്മത്തുല്ല സ്വലാഹി പുത്തൂര്‍

മഹാമാരിയുടെ പ്രോട്ടോകോള്‍ ശക്തമാവുമ്പോള്‍ കൗമാരം ഓണ്‍ലൈനിലേക്ക് വീണ്ടും തിരിഞ്ഞു നടന്നിരിക്കുന്നു. ആശങ്കകളേറെ നിറഞ്ഞനില്‍ക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. പഠനവും പഠന പ്രവര്‍ത്തനങ്ങളും സ്‌ക്രീനുകളിലേക്ക് മാറുമ്പോള്‍ ചേര്‍ത്തുപിടിക്കലിന് കൊതിക്കുന്ന ബാല്യ കൗമാരത്തെയാണ് കാണുന്നത്. വീടയണയുന്ന കുരുന്നുകള്‍ക്ക് സ്‌നേഹവും പരിലാളനയും നല്‍കുമ്പോള്‍ അതിലെല്ലാം ഉന്നത മാതൃകയാണ് പ്രവാചക (സ)ന്റെ ജീവിത സന്ദേശം. ഏത് കുഞ്ഞു ഹൃദയത്തിലും രൂഢമൂലമാകേണ്ടതാണല്ലോ പ്രപഞ്ചനാഥനിലുള്ള അചഞ്ചല വിശ്വാസം. അതിനാല്‍ അല്ലാഹുവിന്റെ തിരുദൂതര്‍ അതിനുതന്നെ പ്രഥമസ്ഥാനം നല്‍കി. നീ ചോദിക്കുമ്പോള്‍ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുകയാണെങ്കിലും അതും അല്ലാഹുവിനോടാവുക എന്ന റബ്ബിന്റെ സംരക്ഷണ വാക്യങ്ങള്‍ പ്രവാചകന്‍തന്നെ പഠിപ്പിച്ചത് ഇബ്‌നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ പ്രതിപാദിക്കുന്നു. തന്റെ ഗോത്രത്തെയും കുടുംബത്തെയും വിളിച്ച് അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രവാചകന്‍ മകളെ വിളിച്ചു പറഞ്ഞു. മുഹമ്മദിന്റെ പുത്രി ഫാത്തിമാ, എന്റെ സമ്പത്തില്‍നിന്ന് നീ ഉദ്ദേശിക്കുന്നത് ചോദിച്ചുകൊള്ളുക. പക്ഷേ, നാളെ അല്ലാഹുവിങ്കല്‍ നിനക്കായി ഒന്നും ഉടമപ്പെടുത്തിത്തരാന്‍ എനിക്കാവില്ല (നബി വചനം). മടങ്ങിച്ചെല്ലാനിരിക്കുന്ന ലോകത്തെക്കുറിച്ചുള്ള ചിന്ത മകളിലേക്കും പകര്‍ന്നു നല്‍കിയതിലൂടെ മുഴുവന്‍ തലമുറകളിലേക്കും വലിയ സന്ദേശമാണത് നല്‍കുന്നത്.

തിന്മകളെ മുളയിലെ നുള്ളിക്കളയുക വളരെ പ്രധാനമാണ്. പരീക്ഷണ കാലത്തും ലഹരി ഉപയോഗവും സാമൂഹ്യ തിന്മകളും അനുദിനം വര്‍ധിക്കുമ്പോള്‍ നിഷിദ്ധങ്ങള്‍ക്കെതിരെ അരുതെന്ന് ഉറക്കെ പറഞ്ഞുകൊണ്ടേയിരിക്കണം. പ്രിയപേര മകന്‍ ഹസനുബ്‌നു അലി (റ) യുടെ വായില്‍ നിന്ന്, ചവക്കാന്‍ തുടങ്ങിയ ഈത്തപ്പഴം പുറത്തെടുക്കൂവെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ട് റസൂല്‍ (സ) പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു. നിനക്കറിയില്ലേ, ധര്‍മ്മമായത് നാം ഭക്ഷിക്കാറില്ലെന്ന് (ബുഖാരി 1491). വിശ്വാസമുള്‍ക്കൊണ്ട ഹൃദയം എന്നും ആരാധനക്കായി വെമ്പുന്നു. കുഞ്ഞു മനസ്സുകളും അതില്‍ നിന്ന് വിഭിന്നമാവരുത്. കാരണം, ആരാധനയില്‍ സുപ്രധാനമാണല്ലോ അഞ്ച് നേരത്തെ നമസ്‌കാരം. റസൂല്‍ (സ) പറഞ്ഞു: നിങ്ങളുടെ സന്താനങ്ങളെ ഏഴാം വയസില്‍തന്നെ നമസ്‌കാരം ശീലിപ്പിക്കുക. പത്ത് വയസായിട്ടും നമസ്‌കാരമില്ലെങ്കില്‍ അവരെ ( ബോധ്യപ്പെടുംവിധം ) പ്രഹരിക്കുകയും ചെയ്യുക.

കുട്ടികള്‍ക്ക് നല്‍കുന്ന സ്‌നേഹ ചുംബനങ്ങള്‍ എല്ലാവരുടെയും മനം കുളിര്‍പ്പിക്കുന്നതാണ്. താലോലപ്പാട്ടുകള്‍ കാതിനും മനസിനും ആനന്ദവുമാണ്. നബി (സ) ഹസന്‍ (റ) വിനെ ചുംബിക്കുന്നതു കണ്ട അഖ്‌റഅ് (റ) പറഞ്ഞു. എനിക്ക് പത്ത് മക്കളാണ്. ഒരാളെപ്പോലും ഞാനിന്ന് വരെ ചുംബിച്ചിട്ടില്ല. അദ്ദേഹത്തിന് നേരെ വാല്‍സല്യത്തിന്റെ പ്രവാചകന്‍ (സ) പറഞ്ഞത് ഇപ്രകാരമായിരുന്നു. കരുണ കാണിക്കാത്ത വനോട് കരുണ കാണിക്കപ്പെടുകയില്ല (നബി വചനം). വീടകങ്ങളില്‍ നിന്ന് ലഭിക്കേണ്ട സ്‌നേഹ ചുംബനങ്ങള്‍ അന്യമാകുന്നേടത്താണ് സ്‌നേഹത്തിന്റെ ബാല്യം വഴി മാറി സഞ്ചരിക്കുന്നതെന്ന വസ്തുത വിസ്മരിച്ചുകൂടാ. റസൂല്‍ (സ) ഉമ്മു സലമയിലെ പുത്രി സൈനബുമൊത്ത് കുട്ടിക്കളിയിലായിരിക്കുമ്പോള്‍ സുവൈനബ്, സുവൈനബ് എന്ന് ആവര്‍ത്തിച്ച് വിളിക്കാറുണ്ടായിരുന്നു. കുട്ടികളോട് കൊഞ്ചിപ്പറയല്‍ പ്രവാചകന് ഇഷ്ടമായിരുന്നു. പേര മക്കള്‍ക്ക് മുമ്പില്‍ ഒരു കളിത്തോഴാനായി അല്ലാഹുവിന്റെ റസൂല്‍ മാറുമ്പോള്‍, അവര്‍ക്ക് കയറിയുല്ലസിക്കാന്‍ തലയും മുതുകും വെച്ച് നല്‍കുമ്പോള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത കാരുണ്യമാണ് അവയിലൂടെയെല്ലാം ദര്‍ശിക്കുന്നത്. പത്ത് വര്‍ഷം റസൂലിന് സേവനം ചെയ്തപ്പോള്‍ ഒരിക്കല്‍ പോലും നീ എന്തിന് അപ്രകാരം ചെയ്തു, അല്ലെങ്കില്‍ ചെയ്തില്ല എന്ന് അവിടുന്ന് ചോദിച്ചിരുന്നില്ലെന്ന് അനസ് (റ) പറഞ്ഞു തരുമ്പോള്‍ ലാളിത്യവും വിനയവുമായിരുന്നു ആ ജീവിതത്തിന്റെ നേര്‍സാക്ഷ്യമെന്നത് വളരെ കൃത്യമായിരുന്നു. കുരുന്നു ഹൃദയങ്ങളിലേക്ക് നല്ല ഉപദേശം പകര്‍ന്ന് നല്‍കിയും അവരെ മാറോട് ചേര്‍ത്തും മര്യാദപാഠങ്ങള്‍ പഠിപ്പിച്ചുമായിരുന്നു ആ മഹനീയ ജീവിതം. ബാല്യ കൗമാരത്തിന്റെ മനമറിഞ്ഞ് ഇടപെടാന്‍ സാധ്യമാകുമ്പോള്‍ ഭദ്രമാകുന്നത് നാളെയുടെ പ്രതീക്ഷാനിര്‍ഭരമായ ഒരു തലമുറയാണ്. ആ കുലതകളിലേക്ക് എടുത്തെറിയപ്പെട്ട്, നിരാശരാവാതെ അവരെ നെഞ്ചോട് ചേര്‍ക്കാം.

Test User: