X
    Categories: Newsworld

യേശു കുട്ടിക്കാലം ചെലവഴിച്ചു എന്ന് കരുതപ്പെടുന്ന വീട് കണ്ടെത്തി

ലണ്ടന്‍: യേശു കുട്ടിക്കാലം ചെലവഴിച്ചു എന്ന് കരുതപ്പെടുന്ന വീട് കണ്ടെത്തിയെന്ന അവകാശവാദവുമായി ബ്രിട്ടീഷ് പുരാവസ്തു ഗവേഷകന്‍. ഇസ്രയേലിലെ നസ്രേതിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത് എന്ന് ഗവേഷകനായ കെന്‍ ഡാര്‍ക് പറയുന്നു. റീഡിങ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് കെന്‍ ഡാര്‍ക്.

നസ്രേതിലെ ഒരു സന്യാസിനി മഠത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് അടിയിലാണ് ഈ പുരാതന വീടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജോസഫിനും മേരിക്കും ഒപ്പം യേശു വളര്‍ന്ന വീടാണ് ഇതെന്ന് 1930കളില്‍ കണ്ടെത്തിയിരുന്നു. എങ്കിലും അതിന് അക്കാദമിക അംഗീകാരം ലഭിച്ചിരുന്നില്ല.

എന്നാല്‍ പ്രദേശത്ത് 14 വര്‍ഷം നീണ്ട പര്യവേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഒടുവിലാണ് ഇത് യേശുവിന്റെ ആദ്യ വീടു തന്നെയാണ് എന്ന് കെന്‍ ഡാര്‍ക് സമര്‍ത്ഥിക്കുന്നത്. ചുണ്ണാമ്പ് കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ചുമരും ഗോവണി പോലെ മുകളിലേക്ക് നീങ്ങുന്ന ഒരു ഗുഹാ മുഖമുള്ള ഭാഗവും ഇപ്പോഴും ഈ വീടിന്റെ ഭാഗമായി അവശേഷിക്കുന്നുണ്ട്. 2006 ലാണ് ഡാര്‍ക്ക് ഇത് സംബന്ധിച്ച ഗവേഷണം ആരംഭിച്ചത്.

ഇത് യേശുവിന്റെ വീടാണ് എന്ന് തദ്ദേശീയര്‍ വിശ്വസിച്ചിരുന്നതായി കെന്‍ഡാര്‍ക് പറയുന്നു. മികച്ച കലാവൈഭവത്തിന്റെ അടയാളമാണ് വീടെന്നും മികച്ച ഒരു കല്‍പ്പണിക്കാരന് മാത്രമേ ഇത്തരമൊന്ന് നിര്‍മാക്കാനാകൂ എന്നും ഗവേഷകന്‍ ചൂണ്ടിക്കാട്ടുന്നു. വിശ്വാസ പ്രകാരം യേശുവിന്റെ വളര്‍ത്തച്ഛന്‍ ജോസഫ് ഒരു മരപ്പണിക്കാരനാണ്. എന്നാല്‍ ചില ഗ്രീക്ക് പുസ്തകങ്ങളില്‍ അദ്ദേഹം കല്‍പ്പണിക്കാരനാണ് എന്നും പറയുന്നുണ്ട്. ഒരു വിദഗ്ധനായ കല്‍പ്പണിക്കാരന് മാത്രമേ രണ്ട് നിലയുള്ള ഇത്തരം വീട് ആക്കാലത്ത് നിര്‍മ്മിക്കാന്‍ സാധിക്കൂ എന്ന് പഠനം പറയുന്നു.

Test User: