ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വൃക്ക രോഗത്തെ തുടര്‍ന്ന് നൂറോളം കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ സിറപ്പുകളും ദ്രവ രൂപത്തിലുള്ള മരുന്നുകളും നിരോധിച്ചു. രാജ്യത്ത് വൃക്ക രോഗികളായ കുട്ടികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം 20 പ്രവിശ്യകളില്‍നിന്ന് 206 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 99 കുട്ടികള്‍ മരിക്കുകയും ചെയ്തു.
കുട്ടികളുടെ വൃക്കകള്‍ക്ക് കേടുപാട് സംഭവിക്കുന്നതിന് പിന്നില്‍ സിറപ്പുകളാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറപ്പുകളുടെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ആരോഗ്യ മന്ത്രാലയം മരുന്നു വില്‍പന ശാലകള്‍ക്ക് നിര്‍ദേശം നല്‍കി.
ഗാംബിയയില്‍ ചുമ മരുന്നുകള്‍ കഴിച്ച് എഴുപതോളം കുട്ടികള്‍ മരിച്ചിരുന്നു. വൃക്കകളെയടക്കം സാരമായി ബാധിക്കുന്ന ഡൈതലീന്‍ ഗ്ലൈക്കോള്‍, ഈതൈലീന്‍ ഗ്ലൈക്കോള്‍ എന്നിവ പല മരുന്നുകളിലും അടങ്ങിയതായി ലോകാരോഗ്യ സംഘടന നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.