എരുമേലി: അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പന്ത്രണ്ടുകാരന് അപ്രതീക്ഷിത മരണം. കാളകെട്ടി തെക്കേച്ചെരുവില്‍ സന്തോഷ്‌സ്മിത ദമ്പതികളുടെ മകന്‍ ആദിത്യനാണ് മരിച്ചത്. ആദിത്യന് വല്ലപ്പോഴും വയറുവേദന അനുഭവപ്പെട്ടിരുന്നു. പല ഡോക്ടര്‍മാരും പരിശോധിക്കുകയും സ്‌കാനിങ് നടത്തുകയും ചെയ്‌തെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.
ഇന്നലെ രാവിലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ ആദിത്യനെയും സഹോദരന്‍ അദ്വൈതിനെയും കൂട്ടി മാതാപിതാക്കള്‍ കാളകെട്ടി നിന്നു ബസില്‍ കയറി. 5 കിലോമീറ്റര്‍ പിന്നിട്ടതോടെ കുട്ടി ഛര്‍ദിച്ചു. ഉടന്‍തന്നെ ബസ് ജീവനക്കാര്‍ ഓട്ടോ ഏര്‍പ്പാടാക്കി. മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ എത്തും മുന്‍പേ കുരുന്നു ജീവനെ മരണം കവര്‍ന്നു. കോരുത്തോട് സികെഎംഎം സ്‌കൂള്‍ 7ാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ആദിത്യന് എടുത്തു പറയത്തക്ക രോഗങ്ങള്‍ ഇല്ലായിരുന്നെന്നും സ്‌കാനിങ് റിപ്പോര്‍ട്ടിലും നിസ്സാര പ്രശ്‌നങ്ങള്‍ പോലും കണ്ടിരുന്നില്ലെന്നും മുക്കൂട്ടുതറ ചെറുപുഷ്പം ആശുപത്രിയിലെ ഡോക്ടര്‍ ടി.എല്‍. മാത്യു പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാത്രമേ മരണകാരണം വ്യക്തമാവൂ. കുട്ടിയുടെ മരണത്തെത്തുടര്‍ന്നു ബോധരഹിതയായ അമ്മ സ്മിതയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.