X

‘കാലില്‍ പിടിച്ചു വലിച്ച് നിലത്തടിച്ചു; കുഞ്ഞിന്റെ നില ഗുരുതരം; അമ്മയുടെ സുഹൃത്ത് കസ്റ്റഡിയില്‍

തൊടുപുഴ: 7 വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ കയ്യില്‍ നിന്നും ക്രൂരമര്‍ദ്ദനം. കുഞ്ഞിനെ കാലില്‍ തൂക്കി നിലത്തടിക്കുകയായിരുന്നു ഇയാള്‍. സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് കസ്റ്റഡിയിലായി. അതേസമയം, തലയോട്ടി തകര്‍ന്ന കുട്ടി വെന്റിലേറ്ററിലാണ്. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. ഇളയ കുട്ടിക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.

ക്രൂര മര്‍ദ്ദനത്തിനു വിധേയനായ മൂത്ത കുട്ടിയെ ഇന്നലെ പുലര്‍ച്ചെയാണു തൊടുപുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചത്. വീണു പരുക്കേറ്റെന്നായിരുന്നു കുട്ടിയോടൊപ്പമുണ്ടായിരുന്ന അമ്മയും സുഹൃത്തും പറഞ്ഞത്.

കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്നാണു കോലഞ്ചേരിയിലേക്കു മാറ്റിയത്. തൊടുപുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ച് കുട്ടിയുടെ അമ്മയും സുഹൃത്തും പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടി അടിയന്തര ശസ്ത്രക്രിയക്കു ശേഷം വെന്റിലേറ്ററിലാണ്.

മാതാവിന്റെ സുഹൃത്താണു സഹോദരനെ വടികൊണ്ട് മര്‍ദിച്ചതെന്നും സഹോദരന്റെ തലക്കു പിന്നില്‍ ശക്തമായി അടിച്ചെന്നും, കാലില്‍ പിടിച്ച് നിലത്തടിക്കുകയും ചെയ്തതായും ഇളയ കുട്ടി മൊഴി നല്‍കി. തലപൊട്ടി ചോര വന്നപ്പോള്‍ താനാണ് അതു തുടച്ചതെന്നും ഇളയ കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.ജോസഫ് അഗസ്റ്റിനോടും കമ്മിറ്റി അംഗങ്ങളോടും പറഞ്ഞു. അമ്മയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ഇളയ കുട്ടിയെ താല്‍ക്കാലിക സംരക്ഷണത്തിന് അടുത്ത ബന്ധുവിനു കൈമാറി. ആക്രമണത്തില്‍ നാലുവയസ്സുകാരനായ ഇളയ സഹോദരന്റെ പല്ലു തകര്‍ന്നു.

യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം കേസെടുക്കുമെന്നും ഡിവൈഎസ്പി കെ.പി. ജോസ് പറഞ്ഞു. കുട്ടികളുടെ പിതാവ് ഒരുവര്‍ഷം മുന്‍പു മരിച്ചു. തുടര്‍ന്നാണു തിരുവനന്തപുരം സ്വദേശി, കുട്ടികളുടെ മാതാവിനൊപ്പം താമസമാരംഭിച്ചതെന്നു പൊലീസ് പറഞ്ഞു. ഇവര്‍ നിയമപ്രകാരം വിവാഹിതരാണോയെന്ന് അറിയില്ല.

ഇന്നലെ രാവിലെയാണു ഇതു സംബന്ധിച്ച് എറണാകുളം -ഇടുക്കി ജില്ലകളിലെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് വിവരം ലഭിച്ചത്. കുട്ടിയുടെ ശരീരത്തിലെ മുറിവുകളും അടിയേറ്റ പാടുകളും കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്നു ഡോക്ടറാണ് പൊലീസിനെയും ചൈല്‍ഡ് ലൈനിലും വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസും ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങളും സംഭവം നടന്ന വീട്ടിലെത്തുകയും, മര്‍ദനമേറ്റ കുട്ടിയുടെ ഇളയ സഹോദരനില്‍ നിന്നു വിവരം ശേഖരിക്കുകയും ചെയ്തു.

chandrika: