തിരുവനന്തപുരം: നേരിട്ടുള്ള യോഗങ്ങള്‍ വിലക്കിയ കോവിഡ് കാലത്തും ചായ സല്‍ക്കാരത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ എഴുതിവാങ്ങി ചീഫ് സെക്രട്ടറി. മൂന്നു ലക്ഷത്തി ആയിരത്തി തൊണ്ണൂറ്റി ഒന്‍പതു രൂപയാണ് ചാല സല്‍ക്കാരത്തിന്റെ പേരില്‍ സര്‍ക്കാര്‍ അനുവദിച്ചത്. സെപ്തംബര്‍, ഒക്ടോബര്‍ മാസത്തിലെ മാത്രം തുകയാണിത്. ചീഫ് സെക്രട്ടറിയുടെ ആവശ്യപ്രകാരം പൊതുഭരണ വകുപ്പ് തുക അനുവദിച്ചുകൊണ്ട് ഉത്തരവിറക്കി.
കോവിഡ് കാലം തുടങ്ങിയതു മുതല്‍ നേരിട്ടുള്ള യോഗം വിലക്കികൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഉത്തരവായി പുറത്തിറക്കിയത് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയാണ്. യോഗങ്ങള്‍ എല്ലാം ഓണ്‍ലൈനിലൂടെ മാത്രമെന്നാണ് ഈ ഉത്തരവില്‍ പറയുന്നത്. ഇതു നിലനില്‍ക്കുമ്പോഴാണ് 2020 സെപ്തംബറിലേയും , ഒക്ടോബറിലേയും ലൈറ്റ് റിഫ്രഷ്‌മെന്റ് അഥവാ ചായ സല്‍ക്കാരത്തിനായി മൂന്നു ലക്ഷത്തി ആയിരത്തി ഒന്‍പതു രൂപ ബില്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫയല്‍ പൊതുഭരണവകുപ്പിലെത്തിയത്.
ഇതു അംഗീകരിച്ചുകൊണ്ടാണ് തുക അനുവദിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് അണ്ടര്‍സെക്രട്ടറി ജി.ഹരിപ്രിയ ഉത്തരവിറക്കിയത്. 2020 സെപ്തംബറില്‍ ഒരു ലക്ഷത്തി അന്‍പതിനായിരത്തി അഞ്ഞൂററി ഇരുപത്തി ഒന്‍പതു രൂപയും ഒക്ടോബര്‍ മാസത്തില്‍ ഒരു ലക്ഷത്തി അന്‍പതിനായിരത്തി അഞ്ഞൂറ്റി എഴുപതുരൂപയുമാണ് ചിലവായത്. ചീഫ് സെക്രട്ടറിയുടേയും മറ്റു സെക്രട്ടറിമാരുടേയും ലൈറ്റ് റിഫ്രഷ്‌മെന്റ് ചിലവെന്നാണ് ഫയലില്‍ കാണിച്ചിരിക്കുന്നത്.