X

യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരായ ആക്രമണങ്ങൾക്ക് പിന്തുണ മുഖ്യമന്ത്രിയുടേത്; രമേശ് ചെന്നിത്തല

യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ ആക്രമണങ്ങൾക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജീവൻ രക്ഷാ പ്രവർത്തനം തുടരാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

ഇതാണ് അക്രമം നടത്താൻ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രേരിപ്പിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന് എതിരെ പ്രതിഷേധിച്ചവർക്ക് എതിരെ ഭീകര മർദ്ദന മുറകൾ അഴിച്ച് വിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ കുട്ടികളുടെ തലയ്ക്ക് അടിക്കരുത് എന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ ക്രമസമാധാന നില പരിപാലിക്കാൻ ചുമതല ഉള്ള മുഖ്യമന്ത്രി അക്രമങ്ങൾക്ക് പ്രേരണ നൽകുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം കേട്ടു. തൻ്റെ പഴയ കാല കഥ പറഞ്ഞ് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അത് ശരിയായ പ്രവണതയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിൽ കല്ലിയൂരിനെ താൻ ആഭ്യന്തര മന്ത്രി ആയിരുന്ന കാലത്ത് തിരിച്ചെടുത്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. താൻ അതിനായി ഒന്നും ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥ തലത്തിൽ എന്തെങ്കിലും നീക്കം നടന്നോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസ്സിൽ ചില യുഡിഎഫ് അംഗങ്ങൾ പങ്കെടുക്കുന്നതിൽ പ്രതികരിച്ചു രമേശ് ചെന്നിത്തല ഒറ്റ തിരിഞ്ഞ് ആരെങ്കിലും പങ്കെടുക്കുന്നത് വലിയ കാര്യമായി കാണേണ്ടതില്ലെന്ന് പറഞ്ഞു.

webdesk13: