എഡിജിപി എം.ആർ അജിത് കുമാറിനെതിരായ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമാണ്. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും നാണം കെട്ട ആരോപണങ്ങളാണ് കേൾക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. രണ്ട് കൊലപാതകങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്നുവെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനാണ് അൻവർ. മുഖ്യമന്ത്രി അറിയാതെ ഈ ആരോപണവും വരില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
പി.വി. അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ എം.ആർ അജിത് കുമാറിനെ കൈവിടുകയായിരുന്നു മുഖ്യമന്ത്രി. പോലീസിലെ ഉന്നതർക്കെതിരെയും പി. ശശിക്കെതിരെയും അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയുണ്ടായ വൻ വിവാദത്തിന് ഒടുവിലാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്നും മാറ്റുന്നത്.
കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷന്‍റെ സംസ്ഥാന സമ്മേളന സമാപന വേദിയിൽ എഡിജിപിയെ വേദിയിലിരുത്തി ആരോപണങ്ങളിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രമസമാധാന ചുമതല നിന്നും മാറ്റി നിര്‍ത്തുമെന്ന വാര്‍ത്ത പുറത്ത് വരുന്നത്.
എടവണ്ണക്കേസിൽ നിരപരാധിയെ എം.ആർ അജിത്ത് കുമാര്‍ കുടുക്കിയെന്നും അന്‍വര്‍ ആരോപിക്കുന്നു. എടവണ്ണ യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ പ്രതിയായ ഷാൻ ഒരിക്കലും ഭർത്താവിനെ കൊല്ലില്ലെന്നാണ് മരിച്ച റിദാന്‍റെ ഭാര്യ തന്നോട് പറഞ്ഞത്. കേസിൽ കള്ളമൊഴി നൽകാൻ ഭാര്യക്കുമേൽ പോലീസ് വലിയതോതിൽ സമ്മർദം ചെലുത്തി. ക്രൂരമായി മർദ്ദിച്ചു. അവർ വഴങ്ങിയില്ല. മരിച്ച റിദാന്‍റെ രണ്ട് ഫോണും കണ്ടെത്താനായിട്ടില്ലെന്നും അന്‍വര്‍ പറയുന്നു.