ദ ഹിന്ദുവുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ പിആര്‍ കമ്പനിയുടെ സാന്നിധ്യത്തെക്കുറിച്ച് ഒന്നും പറയാതെസി.പി.എമ്മിന്റെ മുഖപത്രം ദേശാഭിമാനിയുടെ വാര്‍ത്ത.’മാപ്പ് പറഞ്ഞ് ദ ഹിന്ദു’ എന്ന വാര്‍ത്തയില്‍ പത്രം നടത്തിയ വെളിപ്പെടുത്തലുകളും ഒഴിവാക്കി. വിവാദഭാഗം മുഖ്യമന്ത്രി പറഞ്ഞതല്ലെന്ന് ദ ഹിന്ദു തിരുത്തിയെന്നും സിപിഎം മുഖപത്രം പറയുന്നു. എന്നാല്‍ എങ്ങനെയാണ് ആ ഭാഗം ദ ഹിന്ദു പ്രസിദ്ധീകരിക്കാന്‍ ഇടയായത് എന്നതും വാര്‍ത്തയില്‍ ഇല്ല.
”മലപ്പുറത്ത് നിന്ന് അഞ്ച് വര്‍ഷത്തിനിടെ 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവും പൊലീസ് പിടിച്ചെടുത്തെന്നും ഈ പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് അഭിമുഖത്തില്‍ വന്നത്. എന്നാല്‍ പ്രത്യേക സ്ഥലമോ പ്രദേശമോ മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നില്ല. ദേശവിരുദ്ധ പ്രവര്‍ത്തനം എന്ന വാക്കും ഉപയോഗിച്ചില്ല. ഇക്കാര്യം വ്യക്തമാക്കിയാണ് തിരുത്ത്” എന്നാണ് ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നത്.
അതേസമയം മലപ്പുറം പരാമര്‍ശത്തില്‍ ‘ദ ഹിന്ദു’ ദിനപത്രത്തിന്റെ മറുപടി വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിക്കൂട്ടിലായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ,മലപ്പുറവുമായി ബന്ധപ്പെട്ട് വിഷലിപ്തമായ വാക്കുകള്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം പിആര്‍ ഏജന്‍സി നല്‍കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
മുഖ്യമന്ത്രിയുമായി അഭിമുഖം എടുക്കുമ്പോള്‍ ഉണ്ടായിരുന്ന പിആര്‍ ഏജന്‍സിയുടെ പ്രതിനിധികള്‍ പറഞ്ഞത് പ്രകാരമാണ് മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം ഉള്‍പ്പെടുത്തിയത് എന്നായിരുന്നു വിശദീകരണം. ഇവിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടില്‍ ആകുന്നത്. സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ പാകത്തിലുള്ള വിവാദപരാമര്‍ശം പി ആര്‍ ഏജന്‍സി പറഞ്ഞുകൊടുത്തത് ആരുടെ നിര്‍ദേശപ്രകാരം എന്ന ചോദ്യമാണ് ഉയരുന്നത്.