X

മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശം: ആയുധമാക്കാൻ സംഘപരിവാർ

മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം ആയുധമാക്കാന്‍ സംഘപരിവാര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് നഷ്ടപ്പെട്ട ഹിന്ദുത്വ വോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നാണ് ബിജെപി ഉയര്‍ത്താന്‍ പോകുന്ന വാദം. പരാമര്‍ശം സജീവ രാഷ്ട്രീയായുധമാക്കി നിലനിര്‍ത്തണമെന്ന് ബിജെപി ഉന്നത നേതൃതല യോഗത്തില്‍ തീരുമാനമായി.

എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിരോധത്തിലായ സംഘപരിവാറിന് കിട്ടിയ സുവര്‍ണാവസരമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം വിരുദ്ധ പ്രസ്താവന. കേരളം, പ്രത്യേകിച്ച് മലപ്പുറം ഭീകരവാദത്തിന്റെ ഹബ്ബായി മാറിയെന്ന തങ്ങളുടെ പ്രചാരണം തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും ഉന്നയിച്ചതെന്നാണ് സംഘപരിവാര്‍ വാദം. രാഷ്ട്രീയമായി മുഖ്യമന്ത്രിയുടെ പരാമര്‍ശം ഉപയോഗിക്കാന്‍ ബിജെപി തയ്യാറെടുത്ത് കഴിഞ്ഞു.

പരാമര്‍ശം ഏറ്റെടുത്തുകൊണ്ട് ഇനിയുള്ള ദിവസങ്ങളില്‍ പ്രചാരണം നടത്തണമെന്നാണ് ബിജെപി തീരുമാനം. സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍, സഹപ്രഭാരി അപരാജിത സാരംഗി, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തുകൊണ്ട് ഇന്ന് കൊച്ചിയില്‍ നടന്ന ഉന്നത നേതൃതല യോഗത്തിലാണ് ബിജെപിയുടെ തീരുമാനം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ നിന്ന് തങ്ങളിലേക്ക് ഒഴുകിയ ഹിന്ദുത്വ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന പ്രചാരണം ശക്തമാക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

ഇതിനോടകം സംഘപരിവാര്‍ നേതാക്കള്‍ ഈ പ്രചാരണം ഏറ്റെടുത്ത് രംഗത്തുവന്നുകഴിഞ്ഞു. രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം കേരളമാണെന്ന തങ്ങളുടെ ആരോപണത്തെ മുഖ്യമന്ത്രി ശരിവെച്ച് കഴിഞ്ഞു എന്നായിരുന്നു ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രതികരണം.

മലപ്പുറം ജില്ലാ കള്ളക്കടത്തിന്റെ കേന്ദ്രമാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞെന്നായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിന്റെ പ്രതികരണം. ഈ പ്രചാരണം ഏറ്റെടുത്ത് കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ രംഗത്തെത്തണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശം.

webdesk13: