X

ഇടതുമുഖം നഷ്ടപ്പെട്ട മുഖ്യമന്ത്രി-റസാഖ് ആദൃശ്ശേരി

എല്‍.ഡി.എഫ് സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍’ എന്നു ബ്രാന്‍ഡ് ചെയ്യുന്നതിനെതിരെ സി.പി.ഐ തിരുവനന്തപുരം ജില്ലാസമ്മേളനം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നു. ഇടതുപക്ഷക്കാരുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ട് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാരിനെ പിണറായി സര്‍ക്കാരെന്നു വിളിക്കുന്നത് ശരിയല്ലന്നാണ് അവരുടെ വാദം. കൂടാതെ 42 വാഹനങ്ങളുടെ അകമ്പടിയില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രിക്ക് ഇടതുപക്ഷത്തിന്റെ മുഖമല്ലന്നും അവര്‍ പറയുന്നു. ഇടതുമുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ഇത്തരം ഏറ്റുമുട്ടലുകള്‍ പതിവാണ്. സി.പി.ഐ കുറേ പരാതികള്‍ സി.പി.എമ്മിനെതിരെ ഉയര്‍ത്തുമെന്നല്ലാതെ അതിനു യാതൊരു വിലയും സി.പി.എം ഒരു കാലത്തും കല്‍പ്പിക്കാറില്ല. 1964ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നെടുകെ പിളര്‍ന്നു സി.പി.എമ്മും സി.പി.ഐയുമായി വഴിപിരിഞ്ഞതിനു ശേഷം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ‘വല്യേട്ടന്‍’ ചമയുന്നതിനെതിരെ സി.പി.ഐക്ക് എന്നും പരാതിയായിരുന്നു. ആ അഭിപ്രായം അവര്‍ക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ നിലക്ക്‌നിര്‍ത്തണം എന്നവര്‍ ആവശ്യപ്പെടുന്നത് ഈ ചിന്താഗതി മൂലമാണ്. തങ്ങളുടെ അഖിലേന്ത്യാ നേതാവും പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറിയുടെ ഭാര്യയുമായ ആനി രാജയെ സി.പി.എം നേതാവ് എം.എം മണി ‘ഒരുത്തി’യെന്നും ‘ഉണ്ടാക്കുക’യെന്നുമൊക്കെയുള്ള പദപ്രയോഗങ്ങളോടെ ആക്ഷേപിച്ചിട്ടും അതിനെതിരെ ഒരക്ഷരം പറയാന്‍ കഴിയാത്തതിലുള്ള വിഷമം അവര്‍ക്കുണ്ട്. മാത്രമല്ല, വല്യേട്ടന്‍മാരെ തൃപ്തിപ്പെടുത്താന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു ആനി രാജയെ തള്ളിപ്പറയേണ്ടിയും വന്നു.

1967 ലെ ഇ.എം.എസ് മന്ത്രിസഭയില്‍ വ്യവസായ നയത്തിന്റെ പേരിലായിരുന്നു ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്. സി. പി.ഐക്കാരനായിരുന്ന മന്ത്രി ടി.വി തോമസ് കൊണ്ടുവന്ന വ്യവസായ നയം തൊഴിലാളി വിരുദ്ധമാണെന്നായിരുന്നു സി. പി.എം ആരോപണം. ഹിറ്റ്‌ലര്‍ വന്നു പറഞ്ഞാലും വ്യവസായ നയം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് സി.പി.എം നേതാക്കള്‍ പറഞ്ഞത്. മന്ത്രി ടി.വി തോമസ് കോണ്‍ഗ്രസിന്റ അഞ്ചാം പത്തിക്കാരനാണെന്ന ആരോപണവും ഉയര്‍ന്നു.മന്ത്രിസഭയിലെ മറ്റൊരംഗമായ സി. പി.എമ്മുകാരിയായ കെ.ആര്‍ ഗൗരിയമ്മയും ടി.വി തോമസും തമ്മിലുള്ള ഭാര്യാ ഭര്‍ത്തൃബന്ധം പോലും നേതാക്കള്‍ കുളമാക്കി. 1967 ല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ആദ്യ ദിവസങ്ങളില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചിരുന്ന ഇവര്‍, സി.പി.എം നേതാക്കളുടെ ഏഷണികളും കുത്തിതിരുപ്പുകളും മൂലം ക്രമേണ പാചകം വേറെയായി. കണ്ടാല്‍ മിണ്ടാതെയായി. ഭര്‍ത്താവ് ചമയേെണ്ടന്ന് ചില സമയങ്ങളില്‍ ടി.വിയെ ഗൗരിയമ്മ ഓര്‍മപ്പെടുത്തി. എത്രയോ കാലത്തെ പ്രണയത്തിന്റെ അവസാനം ഒന്നിച്ചു, നല്ല രീതിയില്‍ കഴിഞ്ഞിരുന്ന ആ ഭാര്യാ ഭര്‍ത്താക്കന്മാരെ സി.പി.എം അകറ്റി. ഇതിലുള്ള ദു:ഖം ഗൗരിയമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

1979ല്‍ കമ്യൂണിസ്റ്റ് ഐക്യം സാധ്യമാകാന്‍ പി.കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി കസേര പോലും വലിച്ചെറിഞ്ഞു വലിയ ത്യാഗത്തിനു തയ്യാറായി. പക്ഷേ അതൊന്നും സി.പി.എമ്മിനെ തൃപ്തിപ്പെടുത്തിയില്ല. എല്ലാ ആട്ടലും തുപ്പലും സഹിച്ചുകൊണ്ടു സി.പി.ഐ എല്‍.ഡി.എഫില്‍ തുടര്‍ന്നു. അപമാനം സഹിക്കവയ്യാതാകുമ്പോള്‍ ചില കാര്യങ്ങള്‍ സി.പി.ഐ നേതാക്കളില്‍നിന്നു പുറത്തുവരും. മുഖ്യമന്ത്രി പിണറായി വിജയനു മുന്‍ മുഖ്യമന്ത്രിമാരായ അച്യുതമേനോനും ഇ.കെ നായനാര്‍ക്കും വി.എസ് അച്യുതാനന്ദനും ഇല്ലാത്ത ആര്‍ഭാടമാണെന്നും സി.പി.ഐയുടെ വകുപ്പുകള്‍ സി.പി.എം ഹൈജാക്ക് ചെയ്യുന്നെന്നുമുള്ള തുറന്നു പറച്ചിലുകള്‍ അത്തരത്തിലുള്ളതാണ്.

ഇടതു മുന്നണിയിലെ പ്രബല ഘടകകക്ഷിയായ സി.പി.ഐയുടെ വെളിപ്പെടുത്തലുകള്‍, മുന്നണിയിലും സര്‍ക്കാരിലും പിണറായി വിജയന്റെ അപ്രമാദിത്വത്തിനു കോട്ടം സംഭവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ്. മുഖ്യമന്ത്രിയുടെ ഏകാധിപത്യരീതികള്‍ അനുവദിച്ചുകൊടുക്കാന്‍ ഇനിയും തയ്യാറെല്ലന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്വര്‍ണക്കടത്ത്, സഞ്ചാര അടിയന്തരാവസ്ഥ, ലൈഫ് കമ്മീഷന്‍, കള്ളക്കേസുകള്‍ തുടങ്ങിയവയിലെല്ലാം പിണറായി വിജയന്‍ വലിയ തിരിച്ചടികള്‍ നേരിടുമ്പോള്‍ സി.പി.ഐക്ക് അതില്‍ ശക്തമായ അമര്‍ഷമുണ്ടെന്നു അര്‍ഥം.

പിണറായി വിജയന്റെ ഭരണത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും പരിശോധിച്ചാല്‍ പിണറായി വിജയനു ഇടതുമുഖമല്ലയെന്ന കാര്യം വ്യക്തമാണ്. അത് തുറന്നുപറയാന്‍ സി.പി. ഐ കാണിച്ച ധൈര്യം അഭിനനന്ദനാര്‍ഹമാണ്. ഇക്കഴിഞ്ഞ ജൂലൈ 7നു മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ സി.പി.എമ്മിനോ മുഖ്യമന്ത്രിക്കോ സാധിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മുന്‍ മന്ത്രി കെ.ടി ജലീല്‍ തുടങ്ങിയവര്‍ക്ക് സ്വര്‍ണക്കടത്തിലുള്ള ബന്ധം സ്വപ്‌ന വെളിപ്പെടുത്തിയപ്പോള്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്നുള്ള കാര്യം വ്യക്തമാണ്. സ്വര്‍ണക്കടത്ത് കേസ് ഇപ്പോഴും അന്വേഷണത്തിലാണെന്നു വിദേശകാര്യമന്ത്രി ജയശങ്കര്‍ വ്യക്തമാക്കുന്നു. സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ സി.ബി.ഐ ചോദ്യംചെയ്യുന്നു. സ്വപ്‌ന കൂടുതല്‍ പറയുന്നത് തടയിടാന്‍ വേണ്ടി മുന്‍ മന്ത്രി കെ.ടി ജലീല്‍ വെള്ളാപള്ളി നടേശന്റെ വീടുകയറിയിറങ്ങുന്നു.

സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് കാരണം പി.സി ജോര്‍ജാണെന്നു പറഞ്ഞു, സോളാര്‍ നായിക സരിതയെ കൊണ്ടു അദ്ദേഹത്തിനെതിരെ വ്യാജ പരാതി കൊടുപ്പിക്കുന്നു. സ്വന്തം പൊലീസിനെ ഉപയോഗിച്ചു ജോര്‍ജിനെ അറസ്റ്റ് ചെയ്യിപ്പിക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസിനെയും പിണറായിയെയും നാണം കെടുത്തി അയാള്‍ ജാമ്യത്തിലിറങ്ങുന്നു. വിവാദ വ്യവസായി ഫാരിസ് അബൂബക്കറുമായി പിണറായിക്കും കുടുംബത്തിനുമുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും വെളിപ്പെടുത്തുന്നു. മധ്യസ്ഥന്മാര്‍ മുഖേന ജോര്‍ജിനെ കണ്ടു വിവാദങ്ങള്‍ കുത്തിപൊക്കരുതെന്നു ആവശ്യപ്പെടുന്നു. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേര്‍ന്നതാണോ ഇതെല്ലാം എന്ന ചോദ്യം സ്വാഭാവികം.

സ്വപ്‌നയുടെ വിവാദ വെളിപ്പെടുത്തലുകളുടെ പേരില്‍ പ്രതിപക്ഷ സംഘടനകള്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഇറങ്ങുന്നു. അതിനെ നേരിടുന്നതിനുവേണ്ടി നാല്‍പതിലധികം വാഹനങ്ങളുടെ അകമ്പടിയോടെ, ആറു മണിക്കൂര്‍ വരെ പൊതുജനങ്ങളെ വഴിയില്‍ തടഞ്ഞ്, സാധാരണക്കാരുടെ പോലും കോവിഡ് വിരുദ്ധമാസ്‌ക് അഴിപ്പിച്ച് മുഖ്യമന്ത്രിക്ക് സഞ്ചാരവഴികള്‍ ഒരുക്കുന്നു. ഇത്തരത്തില്‍ കേരളത്തില്‍ സഞ്ചാര അടിയന്തരാവസ്ഥ നടപ്പിലാക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ കണ്ണൂര്‍-തിരുവനന്തപുരം യാത്രയില്‍ വിമാനത്തില്‍ പ്രതിഷേധിച്ച മൂന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചു കേസ് എടുക്കുന്നു. പ്രതിഷേധം, പ്രതിഷേധം എന്നു പറഞ്ഞ ആ പ്രവര്‍ത്തകരെ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ.പി ജയരാജന്‍ അടിച്ചുവീഴ്ത്തുന്നു. അതു കണ്ടു മുഖ്യമന്ത്രി നിര്‍വൃതിയടയുന്നു. പിന്നീട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്നു പിണറായി വിജയന്‍ പറയുന്നു. അപ്പോള്‍ പ്രതിഷേധ സമരങ്ങളുടെ തീച്ചൂളയിലൂടെ വളര്‍ന്നുവന്ന സംഘടനയാണ് സി.പി.എമ്മെന്നു അവര്‍ അവകാശപ്പെടുമ്പോള്‍, സി.പി.എം തീവ്രവാദ സംഘടനയാണോയെന്ന ചോദ്യം ഉയരുന്നു.

മുഖ്യമന്ത്രിയെ വധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ് ശബരീനാഥ് വാട്‌സ്ആപ്പില്‍ ഗൂഢാലോചന നടത്തിയെന്ന കള്ളക്കേസുണ്ടാക്കി പൊലീസിനെകൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുന്നു. വേണ്ടത്ര തെളിവുകളില്ലാത്തതിന്റെ പേരില്‍ കോടതി കേസ് തള്ളുന്നു. ഇങ്ങനെ തനിക്കെതിരെ നീങ്ങുന്നവരെ ഭരണസ്വാധീനം ഉപയോഗിച്ചു നേരിടുന്നു പിണറായി വിജയന്‍; നരേന്ദ്ര മോദിയും ചെയ്യുന്നത് അത് തന്നെയാണ്. സി.പി.എമ്മിന്റെ കൊലക്കത്തിക്കിരയായ ടി.പി.ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ എം.എല്‍.എയെ സി.പി.എം നേതാവ് നിയമസഭയില്‍ ആക്ഷേപിക്കുന്നു. ഇതിനു മുഖ്യമന്ത്രി മൗനാനുവാദം നല്‍കുന്നു. അവസാന നിമിഷം വരെ മണിയെ അനുകൂലിക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുന്നു. ഒടുവില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകവും മണിയെ തള്ളി പറയുകയും സ്പീക്കര്‍ എം.ബി രാജേഷ് നിയമസഭയില്‍ റൂളിംഗ് നല്‍കുകയും ചെയ്തപ്പോള്‍ മണിക്ക് തന്റെ പ്രസ്താവന പിന്‍വലിച്ചു ഖേദം പ്രകടിപ്പിക്കേണ്ടി വന്നു. അപ്പോഴും മുഖ്യമന്ത്രി നിസംഗമായ മൗനത്തിലായിരുന്നു.

സമൂഹത്തിലെ അടിസ്ഥാന വര്‍ഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആദ്യകാല കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളില്‍ വിനയം ഉണ്ടായിരുന്നു, ലാളിത്യമുണ്ടായിരുന്നു. അവര്‍ ആര്‍ഭാട മോഹികളായിരുന്നില്ല. അവരില്‍ കാരുണ്യവും ദയയും ഉണ്ടായിരുന്നു. മനുഷ്യത്വം അവരുടെ പ്രവര്‍ത്തനങ്ങളില്‍ കാണാമായിരുന്നു. എന്നാല്‍ പിണറായി വിജയന്‍ അവയില്‍ നിന്നെല്ലാം ഏറെ ദൂരെയായിരിക്കുന്നു. ‘ഇടതു മുഖം’ പിണറായി വിജയനു നഷ്ടപ്പെട്ടിരിക്കുന്നു.

Chandrika Web: