X
    Categories: CultureMoreViews

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് നഷ്ടം 8316 കോടി രൂപ; സര്‍ക്കാറിന്റെ ഓണാഘോഷം ഉപേക്ഷിച്ചു

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 8,316 കോടിയുടെ നഷ്ടം സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 38 പേര്‍ മരിച്ചു. നാല് പേരെ കാണാതായി. ഇപ്പോഴത്തേത് ഏറ്റവും വലിയ കാലര്‍ഷക്കെടുതിയാണ്. 10,000 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. 20,000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. 215 ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നു. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നല്ല രീതിയിലുള്ള സഹായമാണ് ലഭിച്ചത്. മഴക്കെടുതി വിലയിരുത്താന്‍ വീണ്ടും കേന്ദ്രസംഘത്തെ അയയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലസ്ഥാനത്ത് അടക്കം വിവിധ ജില്ലകളില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ ആഘോഷങ്ങള്‍ക്ക് ചെലവിടുന്ന തുക ദുരിതാശ്വാസത്തിനായി ഉപയോഗിക്കും. ഓണാഘോഷം ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വിവിധ ജില്ലകളിലെ ഓണാഘോഷ പരിപാടികള്‍ക്ക് 35 കോടിയോളം രൂപ വിനോദസഞ്ചാര വകുപ്പ് ചെലവിടുന്നുണ്ട്. കുട്ടനാട്ടിലെ വെള്ളപ്പൊക്കവും ദുരിതവും കണക്കിലെടുത്ത് ആലപ്പുഴയില്‍ നടക്കേണ്ടിയിരുന്ന നെഹ്‌റുട്രോഫി വള്ളം കളി മാറ്റിവച്ചിരുന്നു. എന്നാല്‍, വള്ളംകളി പൂര്‍ണമായി മാറ്റിവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹചര്യം മെച്ചപ്പെട്ട ശേഷം വള്ളംകളി നടത്തുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെഹ്‌റുട്രോഫി അടക്കം സംസ്ഥാനത്തെ വള്ളംകളികള്‍ ഉള്‍പ്പെടുത്തി പ്രത്യേക ലീഗ് മത്സരം നടത്താനായിരുന്നു വിനോദസഞ്ചാരവകുപ്പ് തീരുമാനിച്ചിരുന്നത്. കുട്ടനാട് സാധാരണ നിലയിലാകുന്നതോടെ അടുത്തമാസം വള്ളംകളി നടത്താനുള്ള ആലോചനകളുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: