X

മൗനം വെടിഞ്ഞു പക്ഷേ ചരിത്രം പറഞ്ഞ് തടിതപ്പി മുഖ്യമന്ത്രി പിണറായി വിജയന്‍; എഡിജിപിയുടെ വിവാദ കൂടിക്കാഴ്ചയില്‍ മൗനം

ഒടുവില്‍ മുഖ്യമന്ത്രി മൗനംവെടിഞ്ഞു. പക്ഷേ താനും സര്‍ക്കാരും പാര്‍ട്ടിയും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വിഷയങ്ങളില്‍ ഒരക്ഷരം മിണ്ടിയില്ലാ എന്നുമാത്രം.

എഡിജിപി എംആര്‍ അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ട സംഭവത്തില്‍ മുഖ്യമന്ത്രി ഒന്നും തന്നെ പറഞ്ഞില്ല. അജിത്കുമാറും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദം ആരംഭിച്ച ശേഷം ഇതുവരെയും മൗനം തുടര്‍ന്ന അദ്ദേഹം സിപിഎം വേദിയില്‍ ഇന്ന് സംസാരിച്ചത് പാര്‍ട്ടിയുടെ ആര്‍എസ്എസ് വിരുദ്ധ ചരിത്രം പറയാന്‍ വേണ്ടി മാത്രമായിരുന്നു. തൃശ്ശൂര്‍ പൂരത്തിനിടയിലുണ്ടായ സംഭവങ്ങളിലടക്കം ഈ കൂടിക്കാഴ്ചകള്‍ക്ക് ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ്, മാധ്യമങ്ങളെയടക്കം കുറ്റപ്പെടുത്തിക്കൊണ്ട് മാത്രം മുഖ്യമന്ത്രി സംസാരിച്ചത്.

സിപിഎമ്മിന് കെട്ട ചരിത്രമില്ലെന്നും ആര്‍എസ്എസിനോട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ ഇനിയും വെള്ളം ചേര്‍ക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദങ്ങള്‍. എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ പലരും ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതെ സമയം എഡിജിപി എംആര്‍ അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയയെ കണ്ടും റാം മാധവിനെ കണ്ടതുമായി ബന്ധപ്പെട്ട് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അതിനകത്ത് യാതൊരു നടപടിയും മുഖ്യമന്ത്രി കൈക്കൊണ്ടിരുന്നില്ല. വിഷയം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുകയും സഖ്യകക്ഷികളില്‍ നിന്നടക്കം വിമര്‍ശനം ഉയരുകയും ചെയ്തിട്ടും ഈ സംഭവത്തില്‍ പ്രതികരിക്കാതെയാണ് ഇന്ന് കോവളത്തെ സിപിഎം വേദിയില്‍ മുഖ്യമന്ത്രി പ്രസംഗിച്ചത്.

webdesk13: