X
    Categories: indiaNews

മധ്യപ്രദേശില്‍ മുസ്‌ലിം നാമത്തിലുള്ള 11 സ്ഥലപ്പേരുകള്‍ മാറ്റി മുഖ്യമന്ത്രി മോഹന്‍ യാദവ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ 11 മുസ്‌ലിം സ്ഥലപ്പേരുകള്‍ മാറ്റി മുഖ്യമന്ത്രി മോഹന്‍ യാദവ്. ജനുവരി 12ന് കാലാപീപ്പലില്‍ നടന്ന പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് സംസ്ഥാനത്തെ ഷാജാപൂര്‍ ജില്ലയിലുള്ള സ്ഥലങ്ങളുടെ മുസ്‌ലിം നാമങ്ങള്‍ക്ക് പകരം ഹിന്ദു പേരുകള്‍ നല്‍കുന്നതായി മോഹന്‍ യാദവ് പ്രഖ്യാപിച്ചത്.

മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാരുമില്ലാത്ത സ്ഥലങ്ങള്‍ക്ക്് എന്തിനാണ് മുസ്‌ലിം പേരുകളെന്നായിരുന്നു മോഹന്‍ യാദവിന്റെ ചോദ്യം. അതിനാല്‍ ‘മുഹമ്മദ്പൂര്‍ മച്ചനാഈ’ എന്ന ഗ്രാമം ഇനിമുതല്‍ മോഹന്‍പൂര്‍ എന്ന പേരിലാകും അറിയപ്പെടുന്നതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.

പ്രാദേശിക ജനപ്രതിനിധികളുടെ ആവശ്യവും ഗ്രാമീണരുടെ വികാരവും പരിഗണിച്ചാണ് ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റിയതെന്നാണ് മോഹന്‍ യാദവിന്റെ വാദം. ചില പേരുകള്‍ മുഷിച്ചിലുണ്ടാക്കുന്നുവെന്ന് ആളുകള്‍ ആശങ്ക പ്രകടിപ്പിച്ചു. അതിനാല്‍ അവ മാറ്റേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നു മനസിലാക്കിയാണു നടപടിയെന്നും മോഹന്‍ യാദവ് കൂട്ടിച്ചേര്‍ത്തു.

ഘട്ടി മുഖ്തിയാര്‍പൂര്‍ ഘട്ടി ആയും,ധബ്ല ഹുസൈന്‍പുര്‍, ധബ്ല റാം ആയും, ഹാജിപൂര്‍ ഹീരാപൂര്‍ ആയും ഖലീല്‍പൂര്‍ രാംപൂര്‍ ആയും പേരുമാറ്റിയിട്ടുണ്ട്. മുസ്‌ലിം സ്വഭാവമുള്ള പേരുകള്‍ക്ക് മാത്രമാണ് തിരുത്ത്. കഴിഞ്ഞയാഴ്ചയും ഇത്തരത്തില്‍ ഉജ്ജയിനിലെ മൂന്ന് ഗ്രാമങ്ങളുടെ പേര് മോഹന്‍ യാദവ് മാറ്റിയിരുന്നു. ആകെ 14 ഗ്രാമങ്ങളുടെ പേരാണ് മോഹന്‍ യാദവ് അധികാരത്തിലേറിയ ശേഷം മാറ്റിയത്. പൊതുജനതാത്പര്യാര്‍ഥമാണ് നടപടിയെന്നാണ് ബിജെപി നേതാവിന്റെ വിശദീകരണം.

webdesk18: