X

മന്ത്രിസഭയിലെ രണ്ടാമന്‍: ഉത്തരം മുട്ടി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമന്‍ ആര് എന്ന ചോദ്യത്തിന് ഇനിയും തീരുമാനമായില്ല. പൊതുഭരണ വകുപ്പിന്റെ പൊളിറ്റിക്കല്‍ വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച കത്തിന് മറുപടി ലഭിക്കാത്തതാണ് ഇതുസംബന്ധിച്ച് അനിശ്ചിതത്വം നീളാന്‍ കാരണമായത്. ഇ.പി ജയരാജന്‍ രാജിവെച്ച സ്ഥാനത്തേക്ക് മന്ത്രിയായി എം.എം മണിയെ തീരുമാനിച്ചപ്പോഴാണ് രണ്ടാമന്‍ ആര് എന്ന ചോദ്യം ഉയര്‍ന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഓരോരുത്തരുടെയും ഇരിപ്പിടം തയാറാക്കുന്നതു മുതല്‍, ഇത് അറിയേണ്ടത് അത്യാവശ്യമായതിനാല്‍ എം എം മണിയെ മന്ത്രിസ്ഥാനത്തേക്ക് തീരുമാനിച്ചപ്പോള്‍ തന്നെ പൊതുഭരണ വകുപ്പ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനോട് തേടിയിരുന്നു. എന്നാല്‍ മറുപടി നല്‍കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് നിശബ്ദത പാലിക്കുകയാണ് ചെയ്തത്. അതിനിടെ, ജയരാജന്റെ ഓഫീസ് എ.സി മൊയ്തീന് നല്‍കിയത് രണ്ടാമനെ സംബന്ധിച്ച് ചില സൂചന നല്‍കുന്നുണ്ട്. എന്നാല്‍ നിയമസഭയില്‍ മുഖ്യമന്ത്രിക്കടുത്ത് ഇരിപ്പിടം അനുവദിച്ചിരിക്കുന്നത് മന്ത്രി എ.കെ ബാലനാണ്.
വകുപ്പ് വിഭജനം നല്‍കാമെങ്കിലും ഭരണഘടന അനുസരിച്ച് മന്ത്രിസഭയിലെ രണ്ടാമനെയോ മൂന്നാമനെയോ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നതാണ് കത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സാധിക്കാത്തതെന്നാണ് വിവരം.

chandrika: