X

മുഖ്യമന്ത്രി ഒളിച്ചോടുന്നു, സഭയില്‍ വരാത്തത് മനഃപൂര്‍വം, പിണറായി രാജിവെക്കണം- വി.ഡി. സതീശൻ

മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണങ്ങളില്‍നിന്ന് ഒളിച്ചോടുകയാണെന്നും സഭയില്‍ വരാത്തത് മനഃപൂര്‍വമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അന്വേഷണത്തിന് 8 മാസത്തെ സാവകാശം നല്‍കിയത് ബി.ജെ.പി – സി.പി.എം സെറ്റില്‍മെന്റിന്റെ ഭാഗമാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. നിയമസഭ ബഹിഷ്‌ക്കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്‍കം ടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡും രജിസ്ട്രാര്‍ ഓഫ് കമ്പനീസും നടത്തിയ അന്വേഷണങ്ങളില്‍ ഗൗരവതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഒരു സേവനവും നല്‍കാതെ വലിയ തുക മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ അക്കൗണ്ടിലേക്ക് എത്തിയെന്നാണ് കണ്ടെത്തല്‍. ഉയര്‍ന്ന സ്ഥാനത്ത് ഇരിക്കുന്ന മുഖ്യമന്ത്രിയേക്കൊണ്ടുള്ള കാര്യസാധ്യത്തിനുവേണ്ടി പണം നല്‍കിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതേക്കുറിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും അന്വേഷിക്കുകയാണ്,’ പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും ഈ അവസരത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായി വിജയന്‍ യോഗ്യനല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ‘ഈ വിഷയം നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. ഇന്ന് നിയമസഭയില്‍ പോലും വന്നില്ല. വിഷയം അവതരിപ്പിക്കാതിരിക്കാന്‍ ഭരണപക്ഷാംഗങ്ങളാണ് ബഹളം ഉണ്ടാക്കിയത്. സഭാ നടപടികള്‍ തടസപ്പെടുത്തിയതും ഭരണപക്ഷമാണ്. മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ ഒരു വാക്കും പറയാന്‍ പാടില്ല’, വി.ഡി. സതീശന്‍ ആരോപിച്ചു.

പ്രതിപക്ഷ അവകാശങ്ങള്‍ റോഡില്‍ അടിച്ചമര്‍ത്തപ്പെടുകയും നിയമസഭയില്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചത്. ആരോപണങ്ങളില്‍ മറുപടി പറയാതെ രണ്ടുകയ്യും പൊക്കിപ്പിടിച്ച് കൈകള്‍ പരിശുദ്ധമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആര്‍ത്തി പാടില്ല, ആര്‍ത്തിയാണ് മനഃസമാധാനം നഷ്ടപ്പെടുത്തുന്നത്, മനഃസമാധാനം ഇല്ലെങ്കില്‍ ഉറങ്ങാന്‍ പറ്റില്ല… തുടങ്ങി ആര്‍ത്തി പ്രഭാഷണത്തിന്റെ പരമ്പരയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രി നടത്തുന്നത്’, പ്രതിപക്ഷനേതാവ് പറഞ്ഞു.

പ്രതിപക്ഷത്തിന്റേതല്ല, സ്റ്റാറ്റിയൂട്ടറി അതോറിറ്റികളുടെ കണ്ടെത്തലുകളും അന്വേഷണത്തിന്റെ രേഖകളും ഇന്ന് പുറത്തുവന്ന സാഹചര്യത്തിലാണ് നിയമസഭയില്‍ വിഷയം ഉന്നയിച്ചതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ‘കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം സെറ്റില്‍മെന്റില്‍ അവസാനിക്കും. അതിനാണ് അന്വേഷണത്തിന് എട്ടുമാസത്തെ സാവകാശം നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം മറ്റ് നിയമ നടപടികള്‍ ആലോചിക്കും. അഴിമതി അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം,’ വി.ഡി. സതീശന്‍ പറഞ്ഞു.

 

 

webdesk13: