X

ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി മുസ്‌ലിംലീഗിന്റെ പിന്നാലെ ഓടുന്നത്;കെ.പി.എ മജീദ്

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് എം.എൽ.എമാർ നിയമസഭയിൽ ഒന്നും പറഞ്ഞിട്ടില്ലെന്ന നുണ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നത് പരിഹാസ്യമെന്ന് മുസ്ലിംലീഗ് നേതാവ് കെ.പി.എ മജീദ്.

മുസ്ലിംലീഗ് എം.എൽ.എമാർ നിയമസഭയിൽ പറഞ്ഞ കാര്യങ്ങളെല്ലാം രേഖയിലുള്ളതും വീഡിയോ സഹിതം പ്രചരിച്ചതുമാണ്. ഇപ്പോഴും പബ്ലിക് ഡൊമെയിനിൽ ആ രേഖകൾ ലഭ്യമാണ്. മുസ്‌ലിംലീഗിന്റെ എം.എൽ.എമാർ മാത്രമല്ല, ഒരു എം.എൽ.എയും ഇക്കാര്യത്തിൽ സർക്കാരിനെ അനുകൂലിച്ച് ഒരു വാക്കും പറഞ്ഞിട്ടില്ല. വസ്തുത ഇതായിരിക്കെ സത്യത്തിന്റെ തരിമ്പ് പോലുമില്ലാത്ത ആരോപണങ്ങളുമായാണ് മുഖ്യമന്ത്രി നാട് ചുറ്റുന്നത് അദ്ദേഹം ഓർമിപ്പിച്ചു.

നുണകൾ ആവർത്തിച്ചാൽ സത്യമാകുന്ന കാലമല്ല ഇതെന്ന് കൂടെയുള്ളവർ അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നത് നന്നായിരിക്കും. എന്തൊക്കെ പറഞ്ഞാലും വഖഫ് ബോർഡിന്റെ അധികാരത്തിൽ കൈകടത്തുന്ന സർക്കാർ നയങ്ങൾക്കെതിരായ സമരവുമായി മുസ്ലിംലീഗ് മുന്നോട്ട് പോകും. വഖഫ് സംരക്ഷണ റാലി കഴിഞ്ഞ് 21 ദിവസമായിട്ടും മുസ്ലിംലീഗിനെ ഗൗനിക്കുന്ന പരിപാടി അവസാനിപ്പിക്കാത്ത മുഖ്യമന്ത്രി വീരവാദങ്ങൾ അവസാനിപ്പിച്ച് പറഞ്ഞ വാക്ക് പാലിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൂടുതൽ ചർച്ചകൾ നടത്തുമെന്ന് മുസ്ലിം സംഘടനകൾക്ക് ഉറപ്പ് കൊടുഞ്ഞിട്ട് ഇപ്പോൾ മാസം ഒന്നാകാറായി. ഇപ്പോഴും അതേക്കുറിച്ച് യാതൊരു അനക്കവുമില്ല. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം സർക്കാർ പിൻവലിക്കുന്നത് വരെ മുസ്ലിംലീഗ് സമരം തുടരും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി മുസ്‌ലിംലീഗിന്റെ പിന്നാലെ ഓടുന്നത്. വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുകയാണ്. കേരളം ഒമിക്രോൺ വ്യാപനത്തിന്റെ ഭീതിയിലാണ്. കെ റെയിൽ എന്നൊരു ഡെമോക്ലസിന്റെ വാൾ കേരളത്തെ നെടുകെ പിളർത്താൻ ഓങ്ങി നിൽക്കുകയാണ്. ക്രമസമാധാന നില പാടെ താളം തെറ്റിയിരിക്കുന്നു. ഇങ്ങനെയുള്ള നൂറുകണക്കിന് യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവാണ് മുഖ്യമന്ത്രിയുടെ വീരവാദങ്ങൾ. അതൊക്കെ എ.കെ.ജി സെന്ററിൽ മതി. ജനങ്ങൾക്ക് വേണ്ടത് പരിഹാരമാണ്. ലീഗ് ഉയർത്തിയ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരും. ഇപ്പോഴുള്ള അഴകൊഴമ്പൻ നയവും ജനവിരുദ്ധ നീക്കങ്ങളും ജനം തിരുത്തിക്കും കെ.പി.എ മജീദ് കൂട്ടിച്ചേർത്തു.

Test User: