കോഴിക്കോട് : വഖഫ് ബോര്‍ഡിന്റെ അവകാശങ്ങളില്‍ കൈകടത്തുക വഴി പിണറായി വിജയനും സംസ്ഥാന ഗവണ്‍മെന്റും തീകൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ എം.കെ മുനീര്‍ എം.എല്‍.എ. മുസ്‌ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം മുസ്‌ലിംലീഗിനല്ലെന്ന് പറഞ്ഞ പിണറായി വിജയന്‍ പതിനായിരങ്ങള്‍ പങ്കെടുത്ത വഖഫ് റാലിയിലുയരുന്ന പ്രതിഷേധം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിംലീഗ് വഖഫ് സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ പ്രക്ഷോഭത്തിനു മുന്നില്‍ പ്രധാന മന്ത്രിക്ക് നരേന്ദ്ര മോഡിക്ക് അടിതെറ്റിയ പോലെ മുസ്്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രതിഷേധങ്ങള്‍ക്കു മുമ്പില്‍ പിണറായി വിജയന് കണ്ടംവഴി ഓടേണ്ടി വരും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന കാലത്തു തന്നെ നിയമനം പി.എസ്.സിക്ക് വിടാന്‍ സംസ്ഥാന ഗവണ്‍മെന്റ് നീക്കം നടത്തിയിരുന്നു. എന്നാല്‍ നട്ടെല്ലുള്ള ചെയര്‍മാനായ അദ്ദേഹത്തിനു മുന്നില്‍ ഇടതു സര്‍ക്കാറിന്റെ ദുരുദ്ദേശം വിലപ്പോയില്ല. പിന്നീട് ടി.കെ ഹംസ ചെയര്‍മാനായപ്പോഴാണ് ഇടതു ഗവണ്‍മെന്റിന് തങ്ങളുടെ നീക്കം വിജയിപ്പിക്കാനുള്ള അവസരം കൈവന്നത്. നിയമസഭയില്‍ ഓര്‍ഡിനന്‍സ് ആയി വന്നപ്പോള്‍ തന്നെ അതിനെ മുസ്‌ലിംലീഗ് എം.എല്‍എമാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ മുസ്്‌ലിംലീഗ് എം.എല്‍എമാര്‍ വര്‍ഗീയത പറയുന്നുവെന്നാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ പ്രതികരിച്ചത്. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ തുടര്‍ച്ചയായ നീക്കങ്ങളാണ് എല്‍.ഡി.എഫിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. സി.എ.എ-എന്‍.ആര്‍.സി പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെന്ന് വാഗ്ദാനം മുസ്‌ലിം വിഭാഗത്തിന് നല്‍കിയ പിണറായി വിജയന്‍ പറഞ്ഞു പറ്റിക്കുകയായിരുന്നു. ഒരൊറ്റ സി.പി.എമ്മുകാരനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായില്ല. മുസ്‌ലിം ന്യൂനപക്ഷത്തിന് എതിരായ തുടര്‍ച്ചയായ നീക്കങ്ങളില്‍ അവസാനത്തേതാണ് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.