X

മുഖ്യമന്ത്രിയും ശിവന്‍കുട്ടിയും ഫിന്‍ലാന്‍ഡിലേക്ക്; രാജീവും വീണയും യുകെ, റിയാസും സംഘവും പാരീസിലേക്ക്

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ,വ്യവസായമേഖലകളുടെ പുരോഗതി ലക്ഷ്യമിട്ട് ഒക്ടോബര്‍ ഒന്ന് മുതല്‍ 14 വരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം യൂറോപ്പ് സന്ദര്‍ശിക്കും.ഫിന്‍ലന്‍ഡ്, നോര്‍വേ,ഇംഗ്ലണ്ട് (ലണ്ടന്‍), ഫ്രാന്‍സ് (പാരീസ്) തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പര്യടനം.

കേരളവും ഫിന്‍ലാന്റും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കുന്നതിനുമാണ് മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും അടങ്ങുന്ന സംഘം ഫിന്‍ലാന്‍ഡ് സന്ദര്‍ശിക്കുന്നത്.കൂടാതെ അവിടെയുള്ള പ്രമുഖ ബഹുരാഷ്ട്രകമ്പനികള്‍ സന്ദര്‍ശിച്ച് കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യതകള്‍ ആരായും. പ്രമുഖ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ നോക്കിയയുടെ എക്സിക്യൂട്ടീവ് എക്സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശനം, ഫിന്‍ലാന്‍ഡിലെ വിവിധ ഐ.ടി കമ്പനികളുമായി ചര്‍ച്ച, ടൂറിസം മേഖലയിലെയും ആയുര്‍വേദരംഗത്തെയും സഹകരണം ആസൂത്രണം ചെയ്യല്‍ എന്നിങ്ങനെ വിവിധ കൂടിക്കാഴ്ചകളുണ്ട്.

മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുകയാണ് നോര്‍വെ സന്ദര്‍ശനത്തിന്റെ പ്രധാനലക്ഷ്യം. നോര്‍വീജിയന്‍ ജിയോടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുളള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതിക വിദ്യകള്‍ പരിശോധിക്കും.

ഇംഗ്ലണ്ടും വെയ്ല്‍സുമാണ് സന്ദര്‍ശിക്കുന്ന മറ്റ് രണ്ടിടങ്ങള്‍. വെയില്‍സിലെ ആരോഗ്യമേഖല ഉള്‍പ്പെടെയുളള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി അവിടത്തെ ഫസ്റ്റ് മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മൂന്നാം ലോകകേരളസഭയുടെ തുടര്‍ച്ചയായി ലണ്ടനില്‍ വെച്ച് ഒരു പ്രാദേശിക യോഗം സംഘടിപ്പിക്കുന്നുണ്ട്. ഒരുദിവസം നീളുന്ന യോഗത്തില്‍ 150 ഓളം പ്രവാസികള്‍ പങ്കെടുക്കും. കേരളത്തില്‍ ഗ്രാഫീന്‍ പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യു.കെയിലെ വിവിധ യൂണിവേഴ്സിറ്റികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും ഉദ്ദേശ്യമുണ്ട്.

വ്യവസായമന്ത്രി പി രാജീവ് നോര്‍വെ, യു.കെ സന്ദര്‍ശന സമയത്തുണ്ടാകും. ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ നോര്‍വയിലും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് യു.കെയിലും അനുഗമിക്കുന്നുണ്ട്.

ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘമാണ് പാരീസ് സന്ദര്‍ശിക്കുന്നത്. അടുത്തയാഴ്ച നടക്കുന്ന ടൂറിസം മേളയില്‍ പങ്കെടുക്കാനാണ് യാത്ര. സെപ്റ്റംബര്‍ 19 ലെ ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റിലും സംഘം പങ്കെടുക്കും.

Test User: