X

45ാമത് ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു

ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ 45ാമത് ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു. രാവിലെ ഒന്‍പത് മണിക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് ജെ. എസ് ഖേഹര്‍ ഇന്നലെ സ്ഥാനമൊഴിഞ്ഞിരുന്നു.

ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അടുത്ത വര്‍ഷം ഒക്ടോബര്‍ വരെ കാലാവധിയുണ്ട്. ശബരിമല സ്ത്രീപ്രവേശന കേസ് അടക്കമുള്ള സുപ്രധാന കേസുകള്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും. യാക്കൂബ് മേമന് വധശിക്ഷ വിധിച്ചതും ദല്‍ഹി കൂട്ടബലാല്‍സംഗ കേസിലെ വിധിയും ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്. ഒറീസ ഹൈക്കോടതിയില്‍ 1977ല്‍ പ്രാക്ടീസ് ആരംഭിച്ച ദീപക് മിശ്ര1996ല്‍ ഒറീസ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി ഉയര്‍ന്നു.

2010ല്‍ പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2011 ഒക്ടോബര്‍ മുതല്‍ സുപ്രീംകോടതി ജസ്റ്റിസായി തുടരുന്നു. മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രംഗനാഥ് മിശ്രയുടെ അനന്തിരവനാണ് ജസ്റ്റിസ് ദീപക് മിശ്ര.

ജനകീയ വിധികളുടെ കൈമുതലുമായാണ് ചീഫ് ജസ്റ്റീസ് പദവിയിലേക്ക് ദീപക് മിശ്ര പടികള്‍ കയറുന്നത്. അറുപത്തിനാലുകാരനായ ദീപക് മിശ്ര ഒഡീഷ സ്വദേശിയാണ്. 2011 ഒക്‌ടോബറിലാണ് സുപ്രിം കോടതി ജഡ്ജിയായി ദീപക് മിശ്രയ്ക്ക് സ്ഥാനകയറ്റം ലഭിച്ചത്. സിവില്‍, ക്രിമിനല്‍, റവന്യു, സര്‍വീസ് ആന്‍ഡ് സെയില്‍സ് ടാക്‌സ്, ഭരണഘടനാ വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്.

നിര്‍ഭയ കേസ് പ്രതികള്‍ വധശിക്ഷയല്ലാതെ മറ്റൊന്നും അര്‍ഹിക്കുന്നില്ലെന്ന വിധി മിശ്രയുടേതായിരുന്നു. മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമന് വധശിക്ഷ നല്‍കാനുള്ള തീരുമാനം ശരിവച്ചതും ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ്. സിനിമാ തീയേറ്ററുകളില്‍ ദേശീയ ഗാനാലാപനം നിര്‍ബന്ധമാക്കിയതും ജസ്റ്റീസ് മിശ്രയുടെ ഉത്തരവിനെ തുടര്‍ന്നാണ്.
മിശ്ര 13 മാസങ്ങള്‍ക്ക് ശേഷം 2018 ഒക്ടോബര്‍ രണ്ടിന് വിരമിക്കും.
ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങളില്‍ പങ്കെടുത്തു.

chandrika: