X
    Categories: indiaNews

സി.ബി.ഐക്ക് മുന്നറിയിപ്പുമായി ചീഫ് ജസ്റ്റിസ്‌

ന്യൂഡല്‍ഹി: പ്രവര്‍ത്തിയും നിഷ്‌ക്രിയത്വവും കാരണം സി. ബി.ഐയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. പൊതുജന വിശ്വാസ്യത വീണ്ടെടുക്കേണ്ടത് സി.ബി.ഐ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ആദ്യപടിയായി രാഷ്ട്രീയ ഭരണ നിര്‍വാഹകരുമായുള്ള ബന്ധം കേന്ദ്ര ഏജന്‍സികള്‍ വിച്ഛേദിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സി.ബി.ഐ പോലുള്ള കേന്ദ്ര ഏജന്‍സികളെ ഒരു കുടക്കീഴിലേക്ക് കൊണ്ടു വന്ന് അതിനൊരു സ്വതന്ത്ര വ്യക്തിയെ തലവനാക്കി മാറ്റണം. ജനാധിപത്യത്തില്‍ അന്വേഷണ ഏജന്‍സികളുടെ പങ്കും ഉത്തരവാദിത്തവും എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

ആരോപണങ്ങളും അഴിമതിയും കാരണം പൊലീസിന്റെ ഇമേജ് തകര്‍ന്നിരിക്കുകയാണ്. അധികാരമാറ്റങ്ങള്‍ക്കനുസൃതമായി തങ്ങള്‍ പീഡനങ്ങളേല്‍ക്കുന്നുവെന്ന് പൊലീസ് പലപ്പോഴും ആരോപിക്കുന്നു. രാഷ്ട്രീയ അധികാര വര്‍ഗങ്ങള്‍ മാറും. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ സ്ഥിരമാണ് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടനാപരമായ പിന്തുണയില്ലാത്തതാണ് പല അന്വേഷണ ഏജന്‍സികള്‍ക്കും വിഘാതം. പൊലീസിന് ഭരണഘടനാപരമായ നിയമസാധുത ഉണ്ട്. എന്നാല്‍ മറ്റു അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ഭാഗ്യവശാല്‍ ഈ നേട്ടം കിട്ടുന്നില്ല. ആധുനിക സംവിധാനങ്ങളുടെ കുറവ്, പശ്ചാതല സൗകര്യങ്ങളുടെ കുറവ്, ആള്‍ബലമില്ലായ്മ തുടങ്ങിയവ അ്‌ന്വേഷണ ഏജന്‍സികള്‍ അനുഭവിക്കുന്നുണ്ട്.

Test User: