കേന്ദ്ര വിജലന്‍സ് കമീഷന്‍ റിപ്പോര്‍ട്ടിന് മറുപടിയായി മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ സുപ്രീംകോടതിക്ക് അസംതൃപ്തി. നിര്‍ബന്ധിത അവധിനല്‍കി സി.ബി.ഐ ഡയറക്ടറുടെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തിയത് ചോദ്യം ചെയ്ത് അലോക് വര്‍മ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രോഷം പ്രകടിപ്പിച്ചത്.
സി.ബി.ഐ ഡയറക്ടറുടെ മറുപടി അച്ചടിച്ചു വന്ന ന്യൂസ് പോര്‍ട്ടല്‍ റിപോര്‍ട്ടിന്റെ കോപ്പി അലോക് വര്‍മയുടെ അഭിഭാഷകന്‍ എഫ്.എസ് നരിമാന് കോടതി നല്‍കി. താങ്കള്‍ മുതിര്‍ന്ന അഭിഭാഷകനാണെന്നും ഇതെങ്ങനെ ചോര്‍ന്നുവെന്നും കോടതി നരിമാനോട് ചോദിച്ചു. തനിക്ക് അറിയില്ലെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. തുടര്‍ന്ന് നിങ്ങളാരും വാദം കേള്‍ക്കാന്‍ തന്നെ അര്‍ഹരല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിമര്‍ശിച്ചു. കേസ് നവംബര്‍ 29ന് പരിഗണിക്കുന്നതിനായി മാറ്റി.