X

മുഖ്യമാന്‍-പ്രതിച്ഛായ

വലുതായാല്‍ ആരാകാനാണ് മോഹം? ചോദ്യം ടീച്ചറുടേതാണ്. പഠിച്ചാല്‍ ഞാനൊരു ഓഫീസറാകും. അല്ലെങ്കില്‍ എം.എല്‍.എയോ, മന്ത്രിയോ! വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ പ്രസിദ്ധ പഞ്ചാബി കോമഡി ആല്‍ബത്തിലെ സംഭാഷണമാണിത്. ഇതിലെ അഭിനേതാവായ വിദ്യാര്‍ത്ഥിയുടെപേര് ഭഗവന്ത്‌സിംഗ് മന്‍ എന്നാണ്. അതെ, ഇക്കഴിഞ്ഞ മാര്‍ച്ച് പത്താം തീയതിയിലെ ഇന്ത്യയിലെ രാഷ്ട്രീയ താരമായ പഞ്ചാബിന്റെ നിയുക്തമുഖ്യമന്ത്രി തന്നെയാണ് ഈ മന്‍.

മന്‍ അന്നത് പറഞ്ഞതുകേട്ട് ആസ്വാദകവൃന്ദം കയ്യടിച്ചെങ്കിലും ഇന്നത് അതിലുമപ്പുറം യാഥാര്‍ത്ഥ്യമായിരിക്കുന്നു. എം.എല്‍.എയും മന്ത്രിയുമായിട്ടല്ല, മുഖ്യമന്ത്രിയായിട്ടുതന്നെ. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി രാജ്യത്തെ അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ പഞ്ചാബിലെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായിരുന്നു ഭഗവന്ത്‌സിംഗ് മന്‍ എന്ന സിഖ് കൊമേഡിയന്‍-അഭിനേതാവ്. മുപ്പതോളം കോമഡി-സംഗീത ആല്‍ബങ്ങളിലൂടെ പഞ്ചാബികളുടെയും ഹിന്ദിഭാഷാപ്രദേശങ്ങളിലെയും താരമായി ഉയര്‍ന്ന മനാണ് വരുന്നബുധനാഴ്ച സംസ്ഥാന ഭരണത്തലവനാകാനൊരുങ്ങുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും കഴിഞ്ഞാല്‍ രാജ്യത്തെ ഒന്നിലധികം സംസ്ഥാനങ്ങള്‍ഭരിക്കുന്ന കക്ഷിയായ ആംആദ്മിയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയാകും ഭഗവന്ത്മന്‍.

ആംആദ്മിയുടെ നയങ്ങള്‍ക്കും ഡല്‍ഹിമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഡല്‍ഹിയിലെ പാര്‍ട്ടിയുടെ മികച്ചഭരണത്തിനുമാണ് പഞ്ചാബിലെ തകര്‍പ്പന്‍ വിജയത്തിന്റെ ക്രെഡിറ്റെങ്കിലും ഭഗവന്ത്മന്റെ സുതാര്യമായ പൊതുപ്രവര്‍ത്തനത്തിനും ഈ തകര്‍പ്പന്‍വിജയത്തില്‍ പങ്കുണ്ട്. 117ല്‍ 92 സീറ്റുനേടിയാണ് ആംആദ്മി പാര്‍ട്ടി പഞ്ചാബിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ സീറ്റുകളുമായി ഭരണംപിടിച്ചിരിക്കുന്നത്. കെജ്‌രിവാളിനും ഡല്‍ഹി മുഖ്യമന്ത്രി സിസോദിയക്ക് ശേഷം മൂന്നാമനായി ഒരുനേതാവ് കൂടി തലയെടുപ്പോടെ ദേശീയരാഷ്ട്രീയത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണിതോടെ. തിരഞ്ഞെടുപ്പുഫലങ്ങളില്‍ അഹങ്കരിക്കരുതെന്നും എം.എല്‍.എമാരെല്ലാം അവരവരുടെ മണ്ഡലങ്ങളില്‍ ജനങ്ങളുടെ പ്രയാസങ്ങളേറ്റെടുത്ത് പ്രവര്‍ത്തിക്കണമെന്നുമാണ് നിയുക്തമുഖ്യമന്ത്രിയുടെ ഉപദേശനിര്‍ദേശം.

ഫെബ്രുവരി 20ന് നടന്ന വോട്ടെടുപ്പില്‍ ധൂരി മണ്ഡലത്തില്‍നിന്ന് 58,206 വോട്ടിനാണ് വിജയം. പാര്‍ട്ടിപ്രവര്‍ത്തകര്‍ ഭഗവന്ത്‌സിംഗ് മനിനെ ഭഗവന്ത്ജി എന്നേ വിളിക്കൂ. അരാഷ്ട്രീയം കൊണ്ടുനടക്കുന്നവരുടെ കൂട്ടമായാണ് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മിയെ മറ്റുള്ളവര്‍ കാണുന്നതെങ്കിലും ഭഗവന്ത്മന്‍ വെറും കൊമേഡിയനോ നര്‍ത്തകനോ മാത്രമല്ല, പഞ്ചാബിലെ കാര്‍ഷികപ്രശ്‌നങ്ങളിലുള്‍പ്പെടെ നിരന്തരപോരാട്ടം നടത്തുന്ന നേതാവാണ് ഈ 49 കാരന്‍. നിലവിലെ ആംആദ്മിയുടെ ഏക എം.പിയാണ് ഭഗവന്ത്മന്‍. രണ്ടുതവണ ലോക്‌സഭാംഗമായത് അകാലിദള്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി സുഖ്‌വീന്ദര്‍സിംഗ് ബാദലിനെ അടക്കം മലര്‍ത്തിയടിച്ചാണ്. 2014ല്‍ രണ്ടുലക്ഷത്തിലധികം വോട്ടിനാണ് സംഗ്്‌രൂരില്‍ വിജയിച്ചതെങ്കില്‍ 2019ല്‍ അതേമണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലെത്തിയത് ഒരുലക്ഷത്തിലധികം ഭൂരിപക്ഷത്തിന്. പീപ്പിള്‍സ്പാര്‍ട്ടി ഓഫ് പഞ്ചാബ് എന്ന കക്ഷിയുണ്ടാക്കി 2012ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയഭാഗ്യം പരീക്ഷിച്ചെങ്കിലും തോല്‍വിയിലായിരുന്നു തുടക്കം. 2014ലാണ് കെജ്്‌രിവാളുമായി ചേരുന്നതും അധികാരത്തിന്റെ തലവരതെളിയുന്നതും. 2017ലെ നിയമസഭയിലേക്കും മല്‍സരിച്ചെങ്കിലും പരാജയം. ഇനി മന്‍ സംഗ്‌രൂരില്‍നിന്ന് ്‌രാജിവെക്കുമ്പോള്‍ അവിടെ ഉപതെരഞ്ഞെടുപ്പുവേണ്ടിവരും.

1992ല്‍ ആരംഭിച്ച കോമഡി ഷോപരിപാടികള്‍ 2015ലാണ് അവസാനിപ്പിക്കുന്നത്. 24 ആല്‍ബങ്ങളില്‍ ഇതിനകം പാടിയാടി. പഞ്ചാബി സംഗീതത്തിന് ഇത്രപ്രചാരം ലഭിച്ചതിന ്കാരണവും മാന്റെ കോമഡി-മ്യൂസിക് ആല്‍ബങ്ങളാണ്. ഗാനരചയിതാവുമാണ് കക്ഷി. പഞ്ചാബ് സര്‍വകലാശാലയിലെ പഠനകാലത്ത് കോമഡിഫെസ്റ്റിവലിന് രണ്ട് സ്വര്‍ണമെഡലുകള്‍നേടി. രാഷ്ട്രീയവും ബിസിനസും സ്‌പോര്‍ട്‌സുമൊക്കെയായിരുന്നു മന്റെ വിഷയങ്ങള്‍. ആദ്യആല്‍ബം ആല്‍ഫ ഇ.ടി.സിക്ക് വേണ്ടി ‘ജുഗ്‌നു കഹ്ന്താ ഹേ’ ആയിരുന്നു. ജഗ്തര്‍ ജക്ഷിയുമായി ചേര്‍ന്നായിരുന്നു അത്. 2000ത്തോടെ കോമഡിദ്വയം വേര്‍പിരിഞ്ഞു. റാണാ റന്‍ബീറുമായി ചേര്‍ന്നായിരുന്നു തുടര്‍ആല്‍ബങ്ങള്‍. 2008 ല്‍ സ്റ്റാര്‍പ്ലസിന്റെ ‘ഗ്രേറ്റ് ഇന്ത്യന്‍ ലോഫര്‍ചലഞ്ച് ‘ എന്ന പ്രോഗ്രാമിലൂടെ ദേശാന്തരശ്രദ്ധനേടി. ദേശീയപുരസ്‌കാരംനേടിയ ‘മേം മാ പഞ്ചാബി ദീ’ എന്ന ചിത്രത്തിലുള്‍പ്പെടെ 13 സിനിമകളിലും അഭിനയിച്ചു. ‘കോമഡി കിംഗ്’ എന്നപേര് പ്രസിദ്ധമായതോടെയാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. ക്രിക്കറ്റില്‍നിന്നെത്തിയ സിദ്ദുവും മുഖ്യമന്ത്രിമാരായിരുന്ന ഛന്നിയും ക്യാപ്റ്റന്‍അമരീന്ദറും പ്രകാശ്‌സിംഗ്ബാദലും ഈതിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ വിജയക്കൊടിപാറിച്ച മനിനെ ഏകസ്വരമായ ആം ആദ്മിപാര്‍ട്ടിക്കുപോലും ഇനി പിടിച്ചുകെട്ടാനാവില്ല. സുനം കോളജില്‍നിന്ന് ബിരുദംനേടിയിട്ടുണ്ട്. ഭാര്യ ഇന്ദര്‍പ്രീത്കൗര്‍. രണ്ടുമക്കള്‍.

Test User: