ന്യൂഡല്‍ഹി: മകന്‍ കാര്‍ത്തിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. പരിശോധന നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റിന് അധികാരമില്ലെന്ന് ചിദംബരം പ്രതികരിച്ചു.
ചെന്നൈയിലെ സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധന നടന്നേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ഡല്‍ഹിയില്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത് പരിഹാസ്യമായ നടപടിയാണ്.
പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല. ന്യായീകരണത്തിനുവേണ്ടി പഴയ കടലാസുകള്‍ അവര്‍ കൊണ്ടുപോയി. കാര്‍ത്തി താമസിക്കുന്നത് ഡല്‍ഹിയിലെ വസതിയിലാണെന്ന് കരുതിയാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ചിദംബരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.