X

നെഹ്‌റു കുടുംബത്തിന് പുറത്തുള്ള കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ പട്ടിക നിരത്തി; മോദിക്ക് ചുട്ടമറുപടിയുമായി ചിദംബരം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെ വിമര്‍ശിച്ച നരേന്ദ്രമോദിക്ക് അതേ നാണയത്തില്‍ ചുട്ടമറുപടി നല്‍കി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി. ചിദംബരം. നെഹ്‌റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ഒരാളെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്ന് ഇന്നലെ മോദി വെല്ലുവളിച്ചിരുന്നു. നെഹ്‌റുഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ പേരുകളുടെ പട്ടിക നിരത്തിയാണ് പ്രധാനമന്ത്രിക്ക് ചിദംബരം മറുപടി നല്‍കിയിരിക്കുന്നത്. 1947 മുതലുള്ള കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ പട്ടിക ചിദംബരം ട്വീറ്റ് ചെയ്തു.

ആചാര്യ കൃപലാനി, പട്ടാഭി സീതാരാമയ്യ, പുരുഷോത്തംദാസ് ടാന്‍ഡന്‍, യുഎന്‍ ധേബാര്‍, സഞ്ജീവ റെഡ്ഡി, സഞ്ജീവയ്യ, കാമരാജ്, നിജലിംഗപ്പ, സി സുബ്രഹ്മണ്യന്‍, ജഗ്ജീവന്‍ റാം, ശങ്കര്‍ ദയാല്‍ ശര്‍മ, ഡി കെ ബറുവ, ബ്രഹ്മാനന്ദ റെഡ്ഡി, പി വി നരസിംഹ റാവു, സീതാറാം കേസരി എന്നിങ്ങനെ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ പേരുകള്‍ നിരത്തിയായിരുന്നു ട്വീറ്റ്. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ കാര്യത്തില്‍ മോദി ഇത്രയും ശ്രദ്ധ കാണിക്കുന്നതിന് നന്ദിയുണ്ട്. അദ്ദേഹം ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് അതിനെക്കുറിച്ച് സംസാരിക്കാനാണെന്ന് ചിദംബരം ട്വിറ്ററില്‍ പറഞ്ഞു.

ഇനിയെങ്കിലും റഫാലിനെ കുറിച്ച് രണ്ട് അക്ഷരം പറഞ്ഞൂടെ എന്നും ചിദംബരം പരിഹസിച്ചു. നോട്ട് അസാധുവാക്കലിനെക്കുറിച്ചും ജിഎസ്ടിയെക്കുറിച്ചും റഫാല്‍, സിബിഐ, ആര്‍ബിഐ എന്നിവയെക്കുറിച്ചും സംസാരിക്കാന്‍ അദ്ദേഹം ഇതിന്റെ പകുതി സമയം ചിലവഴിക്കുമോ. കര്‍ഷക ആത്മഹത്യകള്‍, വ്യാപകമായ തൊഴിലില്ലായ്മ, ആള്‍ക്കൂട്ട ആക്രമണം, ബലാത്സംഗങ്ങള്‍, ഗോരക്ഷകര്‍ നടത്തുന്ന അതിക്രമങ്ങള്‍, വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം സംസാരിക്കാന്‍ മോദി തയ്യാറാകുമോ. ചിദംബരം ട്വിറ്ററില്‍ ചോദിച്ചു.

കുറഞ്ഞത് അഞ്ചു വര്‍ഷത്തേക്കെങ്കിലും നെഹ്റു-ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാളെ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആക്കിക്കാണിക്കാന്‍ വെല്ലുവിളിച്ച് നേരത്തെ നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഛത്തീസ്ഗഢിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു മോദിയുടെ പരാമര്‍ശം.

chandrika: