ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് കൂടുതല്‍ സ്വയംഭരണാവകാശവും അധികാരവും നല്‍കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ‘ആസാദി’ (സ്വാതന്ത്ര്യം) വേണമെന്ന് കശ്മീരികള്‍ ആവശ്യപ്പെടുന്നത് കൂടുതല്‍ സ്വയം ഭരണാവകാശം ലഭിക്കാന്‍ വേണ്ടിയാണെന്നും അത് മുഖവിലക്കെടുക്കേണ്ടതാണെന്നും ചിദംബരം പറഞ്ഞു.
‘കശ്മീരികളുമായുള്ള എന്റെ അനുഭവം വെച്ചുനോക്കുമ്പോള്‍ അവരില്‍ മിക്കവരും ആസാദി ആവശ്യപ്പെടുന്നത് കൂടുതല്‍ സ്വയംഭരണാവകാശത്തിനു വേണ്ടിയാണ്. ഈ ചോദ്യത്തെ ഗൗരവത്തോടെ കാണാന്‍ നാം തയ്യാറാവണം. ജമ്മു കശ്മീരിന് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കാന്‍ കഴിയുന്ന മേഖലകള്‍ ഏതെല്ലാം എന്ന് പരിശോധിക്കണം. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും 1947-ല്‍ വാഗ്ദാനം ചെയ്തതു പ്രകാരം അവര്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നും ഭരണഘടന പറയുന്നുണ്ട്.’ – ചിദംബരം പറഞ്ഞു.
ഗുജറാത്തിലെ രാജ്‌കോട്ടില്‍ മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ഛിന്നഭിന്നമാക്കുന്നതിനുള്ള ശ്രമമാണിതെന്ന് ബി.ജെ.പി പ്രതികരിച്ചു.