X

ചിദംബരത്തിന്റെ അറസ്റ്റ്; അഴിമതി ആരോപണത്തിനുമപ്പുറത്ത് അതിലേക്ക് വഴിവെച്ച ചിലതുണ്ട്

ഉമ്മര്‍ വിളയില്‍

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയുടെ നട്ടെല്ലൊടിഞ്ഞു നില്‍ക്കുന്ന ഈ നേരത്ത് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്തതാണ് ഏറ്റവും വലിയ വാര്‍ത്ത. രാത്രിയില്‍ തിടുക്കപ്പെട്ട് വീടിന്റെ മതിലു ചാടി അകത്തു കയറി പിടികൂടുകയായിരുന്നു. കേസുമായി സഹകരിച്ചു പോവാത്ത ആളായിരുന്നില്ല പി. ചിദംബരം. എന്നിട്ടു പോലും ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും അറസ്റ്റ് നടപടി വേഗത്തിലാക്കുകയും ചെയ്തത് പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

ചിദംബരത്തിന്റെ അറസ്റ്റിലൂടെ അഴിമതിക്കെതിരാണ് ഈ സര്‍ക്കാര്‍ എന്ന സന്ദേശം ഉയര്‍ത്തുകയാണ് ബി.ജെ.പി വൃത്തങ്ങള്‍. എന്നാല്‍ കേസിന്റെ നടപടിക്രമങ്ങളെ നൂലിഴ കീറിപ്പരിശോധിച്ചാല്‍ മനസ്സിലാകും ഇതിനകത്തെ ദുഷ്ടലാക്ക്.

ഏഴു മാസം മുമ്പു നല്‍കിയ ജാമ്യാപേക്ഷയില്‍ ജഡ്ജി വിരമിക്കുന്നതിനു തൊട്ടു മുമ്പ് ഇന്നലെയാണ് ഈ കേസില്‍ വിധി ഉണ്ടായത്. എഫ്.ഐ.ആറില്‍ ചിദംബരത്തിന്റെ പേരില്ല, കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്നിവയൊക്കെ നിലനില്‍ക്കുമ്പോള്‍ തന്നെ ഐ.എന്‍.എക്‌സ് മീഡിയ കേസിലെ കിങ്പിന്‍ എന്നൊക്കെപ്പറഞ്ഞ് ഇത്രമേല്‍ ധൃതിപ്പെട്ട് ചിദംബരത്തെ അറസ്റ്റ് ചെയ്യേണ്ട കാര്യമെന്തായിരുന്നു? രാജ്യത്തിന്റെ ആഭ്യന്തരം, ധനകാര്യം എന്നീ മുന്തിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള മന്ത്രി, നിലവില്‍ രാജ്യസഭാ എം.പി, സുപ്രീംകോടതിയിലെ മികച്ച അഭിഭാഷകന്‍ എന്നീ നിലകളിലെല്ലാം പേരെടുത്ത ഒരാളെ മന:പൂര്‍വം തേജോവധം ചെയ്യാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ് ഈ കേസ്.

ഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ വിരോധിയാണ് പി.ചിദംബരം. രാജ്യത്തെ അട്ടിമറിക്കാനും ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുമുള്ള എല്ലാ തരം ശ്രമങ്ങളെയും നഖശിഖാന്തം എതിര്‍ത്തിട്ടുണ്ട് അദ്ദേഹം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് പല കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ കശ്മീരിലെ ജനങ്ങളുടെ ഇച്ഛക്കൊപ്പം ശക്തിയായി നിന്നു. എന്നു മാത്രമല്ല, കോണ്‍ഗ്രസിന്റെ ഔദ്യോഗികമായ നില്‍പ് ആര്‍ട്ടിക്ള്‍ 370ന് ഒപ്പമാണെന്ന് പറയാനും അദ്ദേഹം ധൈര്യം കാണിച്ചു. രൂപയുടെ ഇടിവും നമ്മുടെ സാമ്പത്തിക സ്ഥിതിയും സംഭ്രമജനകമായ അവസ്ഥയിലേക്ക് രൂപാന്തരപ്പെട്ടപ്പോള്‍ അതിനെതിരായ അദ്ദേഹത്തിന്റെ നിരവധി എഴുത്തുകള്‍ ബി.ജെ.പിയെ സംബന്ധിച്ച വിടാത്ത തലവേദനയായി.

തീര്‍ന്നില്ല, ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഇന്നത്തെ അമിത്ഷാക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ പ്രതിയായി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഹിന്ദുത്വ ഭീകരത എന്ന വാക്ക് ഉപയോഗിക്കുന്നതും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച വിവിധ സംഘപരിവാര്‍ ഫ്രിഞ്ച് ഗ്രൂപ്പുകളിലേക്ക് അന്വേഷണം എത്തിയതും തെളിവുകള്‍ കണ്ടെത്തിയതും ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തായിരുന്നു. അതില്‍ ഒന്നായ മലേഗാവ് ബ്ലാസ്റ്റ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു മുംബൈ ഭീകരാക്രമണ സമയത്ത് കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെ. പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന ഒരാളാണ് ഇന്നത്തെ എംപി പ്രഗ്യ സിംഗ് താക്കൂര്‍. ആ കേസുകളിലെ മിക്കവരും തന്നെ ഇപ്പോള്‍ പ്രതികള്‍ അല്ലാതായി, വെറുതെ വിടപ്പെട്ടു.

ചിദംബരത്തെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്തു നീക്കി അഴിമതിക്കെതിര് എന്ന പ്രതിഛായ സര്‍ക്കാര്‍ നേടിയെടുക്കുമ്പോള്‍ ബാക്കിയാവുന്ന ചില സംശയങ്ങളുണ്ട്. അഴിമതിക്കാരിയായ വിജയ് മല്യയെ അറസ്റ്റ് ചെയ്യാനുള്ള സാവകാശം കിട്ടിയിട്ടും അറസ്റ്റു ചെയ്തില്ല. മോദി സര്‍ക്കാരിന് കീഴിലുണ്ടായിരുന്ന അന്നത്തെ ധനമന്ത്രിയോട് പറഞ്ഞിട്ടാണ് താന്‍ രാജ്യം വിട്ടത് എന്ന് മല്യ അവകാശപ്പെട്ടതും ഓര്‍ക്കണം. ഭൂമി ഖനന അഴിമതി കേസുകളില്‍ തെളിവുകളുണ്ടായിട്ടും അറസ്റ്റു ചെയ്യപ്പെടാത്ത യെദ്യൂരപ്പ, 16,500 കോടി ഖനന കുംഭകോണക്കേസിലുള്ള റെഡ്ഢി സഹോദരന്മാര്‍, ഹിമാന്ദ ബിശ്വ ശര്‍മ, ശിവരാജ് സിങ് ചൗഹാന്‍,മുകുള്‍ റോയ്, രമേശ് പൊഖ്‌റിയ, നാരായണ്‍ റാണെ തുടങ്ങിയുള്ള അഴിമതിക്കാരെയെല്ലാം അഴിക്കകത്താക്കാന്‍ ചിദംബരത്തോട് കാണിച്ച സാഹസത്തിന് തയ്യാറാവുമോ?

web desk 1: