എ.എഫ്.സി കപ്പ് സെമി ഫൈനലില്‍ ബംഗളൂരു എഫ്.സിക്കു വേണ്ടി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നേടിയ ഗോളാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. സ്‌കോര്‍ലൈന്‍ 1-1 ല്‍ നില്‍ക്കെ ബോക്‌സിനു പുറത്തുനിന്ന് വെടിയുണ്ട കണക്കെ ഛേത്രി തൊടുത്തുവിട്ട ഗോള്‍ മലേഷ്യന്‍ ക്ലബ്ബായ ജോഹര്‍ ദാറുല്‍ തക്‌സീമിന്റെ പോസ്റ്റില്‍ ഇടിച്ചുകയറുന്നത് നയന മനോഹരമായ കാഴ്ചയായിരുന്നു.
യൂറോപ്യന്‍ ഫുട്‌ബോള്‍ മത്സരങ്ങളിലും ലോകകപ്പിലുമൊക്കെ ലോങ് റേഞ്ചറുകള്‍ വലകുലുക്കുന്നതു കണ്ട് ത്രില്ലടിച്ച ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍, അത്തരമൊരു ഗോള്‍ ഒരു ഇന്ത്യന്‍ താരം നേടുന്നത് കാണാന്‍ കൊതിയോടെ കാത്തിരുന്നിരുന്നു. ആ കാത്തിരിപ്പിനുള്ള മറുപടിയാണ് ദേശീയ ടീമിന്റെ ക്യാപ്ടനായ ഛേത്രിയുടെ കാലില്‍ നിന്ന് പിറന്നത്.
ഛേത്രിയുടെ ഗോള്‍ കാണാം:
എ.എഫ്.സി കപ്പ് സെമിഫൈനലിന്റെ നിര്‍ണായകമായ രണ്ടാം പാദത്തിലായിരുന്നു ഛേത്രിയുടെ ഗോള്‍. മത്സരത്തിന്റെ തുടക്കത്തില്‍ ഒരു ഗോള്‍ വഴങ്ങിയ ബംഗളൂരു, ആദ്യപകുതിയില്‍ തന്നെ ഛേത്രിയുടെ മനോഹര ഹെഡ്ഡറിലൂടെ ഒപ്പമെത്തിയിരുന്നു. 68-ാം മിനുട്ടില്‍ ബോക്‌സിനു പുറത്ത് പന്ത് സ്വീകരിച്ച് മൂന്ന് പ്രതിരോധക്കാര്‍ മുന്നില്‍ നില്‍ക്കെ ഛേത്രി തൊടുത്ത ഷോട്ട് ഗോള്‍കീപ്പറെ കാഴ്ചക്കാരനായി വലയുടെ വലതുമൂലയില്‍ തുളച്ചുകയറി.
മത്സരത്തില്‍ 3-1 ന് ജയിച്ച ബംഗളൂരു ചരിത്രത്തിലാദ്യമായി എ.എഫ്.സി കപ്പ് ഫൈനലില്‍ കയറുന്ന ഇന്ത്യന്‍ ക്ലബ്ബെന്ന ബഹുമതി സ്വന്തമാക്കി. നവംബര്‍ അഞ്ചിന് ദോഹയില്‍ ഇറാഖിലെ എയര്‍ഫോഴ്‌സ് ക്ലബ്ബുമായാണ് ബംഗളുരൂവിന് ഫൈനല്‍.