സ്ത്രീകളെ കന്യകാത്വപരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. സ്ത്രീകളെ സംശയത്തിന്റെ പേരില്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിക്ക് അനുവാദം നല്‍കാനാകില്ലെന്ന് ഛത്തീസ്ഗഢ് കോടതി പറഞ്ഞു. ഇത് വ്യക്തികളുടെ അന്തസിനെ മുറിപ്പെടുത്തുന്നതാണെന്നും ആര്‍ട്ടിക്കിള്‍ 21 എന്നത് മൗലികാവകാശങ്ങളുടെ ഹൃദയമായി കണക്കാക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ക്രിമിനൽ ഹർജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ വർമ്മയുടെ വിധി. 2024 ഒക്ടോബർ 15 ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് കോടതി ചോദ്യം ചെയ്തത്.
ഭാര്യയെ ഇത്തരമൊരു പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് അവരുടെ അവകാശലംഘനമാണെന്നും ഭാര്യയുടടെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കാന്‍ ഭര്‍ത്താവിന് സ്വയം പരിശോധനയ്ക്ക് വിധേയനായി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നും ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന മൗലികാവകാശം എന്തിന്റെ പേരിലായാലും വിട്ടുവീഴ്ച ചെയ്യാനാകുന്നതല്ല. ഒരു സ്ത്രീയുടേയും അന്തസ്സ് ഹനിക്കുന്ന വിധത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിയ്ക്ക് സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.