റായ്പൂര്‍: മതത്തിന്റെയും ആചാരത്തിന്റെയും പേരില്‍ നിരവധി വിചിത്രമായ കാര്യങ്ങള്‍ അരങ്ങേറുന്നു. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന അത്തരമൊരു സംഭവമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. കുഞ്ഞുങ്ങള്‍ ഉണ്ടാകാനായി വിവാഹിതരായ സ്ത്രീകള്‍ ക്ഷേത്ര പരിസരത്തു നടത്തിയ ആചാരമാണ് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വച്ചത്.
ധംതാരി ജില്ലയില്‍ 200 ലധികം വിവാഹിതരായ സ്ത്രീകളാണ് സന്താന സൗഭാഗ്യത്തിനായി വിചിത്രമായ ആചാരത്തിന്റെ ഭാഗമായത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ വൈറലായി. നിലത്തു കമിഴ്ന്നു കിടക്കുന്ന സ്ത്രീകള്‍ക്കു മുകളിലൂടെ പൂജാരിമാര്‍ നടന്നു പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
പ്രതിവര്‍ഷം നടക്കുന്ന മാതായ് മേളയിലാണ് ഈ ആചാരം. പൂജാരിമാര്‍ ശരീരത്തിലൂടെ നടന്നാല്‍ അനുഗ്രഹമുണ്ടാകുമെന്നും ഗര്‍ഭം ധരിക്കുമെന്നുമാണ് വിശ്വാസം. ആയിരക്കണക്കിന് പേരാണ് ഈ ചടങ്ങുകള്‍ക്കായി എത്തുന്നത്. മിക്കവരും ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.
അഞ്ഞൂറു വര്‍ഷത്തോളം പഴക്കമുള്ള ആചാരമാണ് മാതായ് മേള. ഞങ്ങള്‍ ഈ പാരമ്പര്യം തുടരുക മാത്രമാണ് ചെയ്യുന്നത്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ ഇതു ചെയ്യുന്നത്. അതിനെ ദുര്‍വ്യാഖ്യാനിക്കരുത്. നേരത്തെ മേളയില്‍ ആചാരത്തിന്റെ ഭാഗമായ നിരവധി പേര്‍ക്ക് സന്താന സൗഭാഗ്യം ഉണ്ടായിട്ടുണ്ട്-
മേള നടത്തുന്ന ആദിശക്തി മാ അന്‍ഗാര്‍മോതി ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍ എന്‍ ധ്രുവ്
ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കാന്‍ ആകില്ലെന്നും ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തിയിരുന്നതായും ഛത്തീസ്ഗഡ് വനിതാ കമ്മിഷന്‍ അധ്യക്ഷ കിരണ്‍മയി നായിക് പറഞ്ഞു. വനിതാ കമ്മിഷന്‍ സംഘം ഇവിടം സന്ദര്‍ശിച്ചിരുന്നു. ആചാരം ഇല്ലാതാക്കാനായി ബോധവല്‍ക്കരണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അവരുടെ മതവികാരത്തെ വ്രണപ്പെടുത്തിക്കൂടാ- അവര്‍ കൂട്ടിച്ചേര്‍ത്തു.