X

ഛത്തീസ്ഗഡിലെ ബി.ജെ.പി നേതാവ് ചത്ത പശുക്കളെ അറവുകാര്‍ക്ക് വിറ്റു

ന്യൂഡല്‍ഹി: തന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍ 300 പശുക്കള്‍ പട്ടിണികിടന്നു ചത്ത സംഭവത്തില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് ഹരീഷ് വര്‍മക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പൊലീസ്. ചത്ത പശുക്കളെ ഇയാള്‍ അറവുകാര്‍ക്ക് വിറ്റിരുന്നതായും എല്ലും തൊലിയും വില്‍പ്പന നടത്തിയതായുമാാണ് കണ്ടെത്തല്‍. ഗോ സേവാ ആയോഗ് എന്ന സംഘടനയാണ് ഇതുസംബന്ധിച്ച് പൊലീസിന് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ ആരോപണം സത്യമാണെന്ന് കണ്ടെത്തിയതായി ദുര്‍ഗ് ഐ.ജി ദീപാന്‍ഷു കബ്‌റ പറഞ്ഞു. അറസ്റ്റിലായ പ്രതികളില്‍ ചിലര്‍ ഇതുസംബന്ധിച്ച് മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലൂടെ പുറത്തുവരുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് കബ്‌റ വ്യക്തമാക്കി.

അറസ്റ്റിലായ വര്‍മ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്. വര്‍മ പങ്കാളിയായ മൂന്നു ഫാമുകളുടേയും നടത്തിപ്പുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്നുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഏഴുപേരെ കൂടി പിടികൂടാനുണ്ടെന്നും ഇവര്‍ക്കു വേണ്ടി ലൂക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും പൊലീസ് വ്യക്തമാക്കി.
പശു സംരക്ഷണത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ ഗ്രാന്റ് വര്‍മയും സംഘവും തട്ടിയെടുത്തതായും ആരോപണമുണ്ട്. 2015ല്‍ രൂപീകരിച്ച മയൂരി ഗോശാലക്ക് മാത്രം ഇതുവരെ 22.64 ലക്ഷം രൂപ സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ചിട്ടുണ്ടെന്നാണ് ഗോ സേവാ ആയോഗ് പറയുന്നത്. 2014ല്‍ നിര്‍മ്മിച്ച പുല്‍ചന്ദ്ര ഗോശാലക്ക് 50 ലക്ഷം രൂപയുടെ ഗ്രാന്റ് ലഭിച്ചു. 2011ല്‍ നിര്‍മ്മിച്ച ഷാഗണ്‍ ഗോശാലക്ക് 93 ലക്ഷം രൂപയും സര്‍ക്കാര്‍ ഗ്രാന്റ് ലഭിച്ചെന്ന് സംഘടന വെളിപ്പെടുത്തി.

chandrika: